യു എ ഇ: തീവ്രവാദ ഭീഷണികളോടുള്ള പ്രതികരണം വിപുലീകരിക്കാൻ യു എൻ രക്ഷാസമിതിയിൽ സാംസ്കാരിക യുവജന വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു

GCC News

തീവ്രവാദ ഭീഷണികളോടുള്ള പ്രതികരണം വിപുലീകരിക്കാൻ യു എ ഇ സാംസ്കാരിക യുവജന വകുപ്പ് മന്ത്രി നൂറ അൽ കാബി യു എൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. ബഹുമുഖ നയതന്ത്രത്തോടുള്ള യു എ ഇയുടെ പ്രതിബദ്ധത അവർ രക്ഷാ സമിതിയിൽ സ്ഥിരീകരിച്ചു. 

Source: WAM.

ഇന്ത്യയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച രണ്ട് ഉന്നതതല ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ യോഗങ്ങളിൽ യു എ ഇയെ പ്രതിനിധീകരിച്ച് നൂറ അൽ കാബി ബഹുമുഖ നയതന്ത്രത്തിന്‍റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി. ബഹുമുഖവാദ നവീകരണം സംബന്ധിച്ച ഒരു തുറന്ന സംവാദത്തിൽ, മന്ത്രി യു എന്നിന്റെ നേട്ടങ്ങളുടെ ട്രാക്ക് റെക്കോർഡ് അവലോകനം ചെയ്യുകയും ആഗോള പ്രതിസന്ധികളോടും ഉയർന്നുവരുന്ന വെല്ലുവിളികളോടും പ്രതികരിക്കാൻ സംഘടന സജ്ജമാണെന്ന് ഉറപ്പാക്കാൻ സമഗ്രമായ പരിഷ്‌കാരങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്തു.

അന്താരാഷ്ട്ര തീരുമാനങ്ങൾ എടുക്കുന്നതിൽ തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കുക വഴിയാണ് പരിഷ്കരണ പ്രക്രിയയുടെ തുടക്കമെന്ന് നൂറ അൽ കാബി വിശദീകരിച്ചു. അറബ്, ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രാതിനിധ്യം കുറവാണെന്ന് പരാമർശിച്ച നൂറ അൽ കാബി സ്ഥിരം സീറ്റിനായുള്ള ഇന്ത്യയുടെ ശ്രമത്തിനുള്ള യു എ ഇയുടെ അംഗീകാരം ആവർത്തിച്ചു.

“നവീകരണം എളുപ്പമല്ല; ഗുരുതരമായ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രക്രിയയ്ക്ക് വലിയതോതിലുള്ളതും പ്രയാസകരവുമായ വിട്ടുവീഴ്ചകൾ നാം ചെയ്യേണ്ടതുണ്ട്. മുൻകാലത്ത് നടന്ന പല ശ്രമങ്ങളും ഇതേകാരണത്താൽ പരാജയപ്പെടുകയോ മുടങ്ങുകയോ ചെയ്തിട്ടുണ്ട്.”, അവർ പറഞ്ഞു.

തുറന്ന സംവാദത്തിന് ശേഷം നടന്ന യോഗത്തിൽ, ഇരു രാജ്യങ്ങളുടെയും തന്ത്രപരവും സമഗ്രവുമായ പങ്കാളിത്തത്തിന് അനുസൃതമായി യു എ ഇയുമായി ഫലപ്രദമായ സഹകരണത്തിന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ. സുബ്രഹ്മണ്യം ജയശങ്കറിനോട് അൽ കാബി നന്ദി പറഞ്ഞു. ഇന്ത്യയുടെ ജി20 പ്രസിഡൻസി കാലത്ത് ഇരു രാജ്യങ്ങളും തമ്മിൽ സഹകരിക്കുന്നതിനുള്ള വിവിധ അവസരങ്ങളും ഇരുവരും ചർച്ച ചെയ്തു.

Source: WAM.

ഡിസംബർ 15-ന് നടന്ന തീവ്രവാദ വിരുദ്ധ യോഗത്തിൽ, തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്‍റെയും ഭീഷണികൾ നേരിടാൻ സുരക്ഷാ കൗൺസിൽ സ്വീകരിച്ച നടപടികൾ അൽ കാബി എടുത്തുപറഞ്ഞു. ഈ ശ്രമങ്ങൾക്കിടയിലും ആഗോള ഭീകരാക്രമണ ഭീഷണി വളർന്നുകൊണ്ടിരിക്കുകയാണെന്ന് അവർ മുന്നറിയിപ്പ് നൽകി.

“അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനും തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ തന്ത്രങ്ങളും മാർഗങ്ങളും വികസിപ്പിക്കുന്നതിനും ഉള്ള പാതയിൽ നമ്മൾ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്,” എന്നിരുന്നാലും, “മറ്റുള്ളവയെ ഒഴിവാക്കി ചില ഭീകര ഗ്രൂപ്പുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൗൺസിലിന് ഇനി സ്വീകാര്യമല്ല, പ്രത്യേകിച്ച് തീവ്രവാദ ഭീഷണികളുടെ അന്തർദേശീയ സ്വഭാവം കണക്കിലെടുത്ത്.”, മന്ത്രി വിശദീകരിച്ചു. തീവ്രവാദ പ്രവർത്തനങ്ങളുടെ ഭൂമിശാസ്ത്രപരമായ വ്യാപ്തിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുരക്ഷാ കൗൺസിലിനോട് മന്ത്രി ആവശ്യപ്പെടുകയും, ഡൽഹി പ്രഖ്യാപനത്തെ പിന്തുണയ്ക്കാനുള്ള യു എ ഇയുടെ താൽപ്പര്യം ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

സഹിഷ്ണുതയുടെ തത്വത്തെക്കുറിച്ചുള്ള അവബോധവും ആദരവും പ്രചരിപ്പിക്കുന്നതിലൂടെ തീവ്രവാദത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കാൻ സന്നിഹിതരായ എല്ലാ രാജ്യങ്ങളോടും മന്ത്രി ആഹ്വാനം ചെയ്തു. സഹിഷ്‌ണുത, സമാധാനപരമായ സഹവര്‍ത്തിത്വം, വൈവിധ്യങ്ങളെ സ്വീകരിക്കൽ മുതലായവ ഇസ്ലാമിക സംസ്കാരത്തിൽ അന്തർലീനമായ മൂല്യങ്ങളാണെന്ന അവബോധം വളർത്തേണ്ടത് ഇസ്ലാമിക മൂല്യങ്ങളെ വളച്ചൊടിക്കുന്നതിനും അതിലൂടെ ചൂഷണം ചെയ്യുന്നതിനുമുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താൻ പ്രാധാന്യമുള്ളതാണെന്ന് അവർ ചൂണ്ടിക്കാട്ടി.

“യു എ ഇയുടെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് തീവ്രവാദത്തെ സുസ്ഥിരമായ രീതിയിൽ ഇല്ലാതാക്കാൻ നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്,” അവർ പറഞ്ഞു. സന്ദർശന വേളയിൽ, സുരക്ഷാ കൗൺസിൽ അംഗങ്ങൾക്കും സെക്രട്ടറി ജനറൽ ഗുട്ടെറസിനും വേണ്ടി ഡോ. ജയശങ്കർ ഒരുക്കിയ വിരുന്നിലും അൽ കാബി പങ്കെടുത്തു.

WAM