കൊറോണാ വൈറസ് വ്യാപനത്തെത്തുടർന്ന് യു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിദൂരവിദ്യാഭ്യാസ സമ്പ്രദായം ജൂണിൽ ഈ അധ്യായന വർഷം അവസാനിക്കുന്നത് വരെ തുടരാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മാർച്ച് 30, തിങ്കളാഴ്ചയാണ് മന്ത്രാലയം ഈ തീരുമാനം അറിയിച്ചത്. രാജ്യത്തെ സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ തുടങ്ങി എല്ല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
COVID-19 ബാധയെത്തുടർന്ന് മാർച്ച് 22 മുതൽ രാജ്യത്ത് വിദ്യാർത്ഥികൾ ഓൺലൈൻ സംവിധാനങ്ങളിലൂടെയാണ് അധ്യയനം തുടരുന്നത്. ഓൺലൈനിലൂടെയുള്ള പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം നൂതന സംവിധാനങ്ങൾ ഒരുക്കികൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങങ്ങളിലും, പൊതുവിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങളിലും ഈ സംവിധാനം ലഭ്യമാക്കും.