വിവിധ മേഖലകളിലെ വിദഗ്ദ്ധർക്ക് പത്ത് വർഷത്തെ റെസിഡൻസി വിസ അനുവദിക്കുന്ന ഗോൾഡൻ റെസിഡൻസി വിസ പദ്ധതി വിപുലീകരിക്കാൻ യു എ ഇ ക്യാബിനറ്റിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി ഈ പദ്ധതിയിൽ പ്രബലമായ മാറ്റങ്ങൾ നടപ്പിലാക്കാൻ ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ നിപുണരായവരെ രാജ്യത്ത് നിലനിർത്തുന്നത് ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലെ മാറ്റങ്ങൾ 2020 ഡിസംബർ ഒന്നാം തീയ്യതി മുതൽ നിലവിൽ വരുന്നതാണ്.
നവംബർ 15-നാണ് യു എ ഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഡോക്ടർമാർ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിക്കൽ, ബയോടെക്നോളജി തുടങ്ങിയ മേഖലകളിലെ എൻജിനീയർമാർ, PhD ബിരുദമുള്ളവർ എന്നിവർക്ക് ഈ പദ്ധതിയുടെ കീഴിൽ 10 വർഷത്തെ ഗോൾഡൻ റെസിഡൻസി വിസകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിന് പുറമെ യു എ ഇയിലെ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് 3.8 ഗ്രേഡ് പോയിന്റ് ആവറേജ് (GPA) സ്കോർ നേടി ബിരുദം പൂർത്തിയാക്കുന്നവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം നേടാവുന്നതാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ബിഗ് ഡാറ്റ, സാംക്രമികരോഗ ശാസ്ത്രം, വൈറസ് സംബന്ധിയായ ശാസ്ത്രം തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കും ഗോൾഡൻ റെസിഡൻസി പദ്ധതിയുടെ കീഴിൽ വിസകൾ അനുവദിക്കുന്നതാണ്. യു എ ഇ ഹൈസ്കൂളുകളിൽ ഉന്നത വിജയം നേടുന്നവർക്കും ഇത്തരം വിസകളുടെ ആനുകൂല്യം ലഭിക്കുന്നതാണ്.
ഗോൾഡൻ റെസിഡൻസി പദ്ധതിയിൽ ഉൾപ്പെടുന്നവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും 10 വർഷത്തെ റെസിഡൻസി വിസയാണ് ലഭിക്കുന്നത്. ഈ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ രാജ്യത്തെ വിവിധ മേഖലകളിൽ ഏറ്റവും മികച്ചതും, സർഗ്ഗശേഷിയുള്ളതും, നവീന ചിന്താശേഷിയോട് കൂടിയതുമായ വിദഗ്ധരുടെ സേവനം ഉറപ്പാക്കാൻ അധികൃതർ ലക്ഷ്യമിടുന്നു.