യു എ ഇ: സർക്കാർ മേഖലയിലെ ഗ്രീൻ പാസ് നിബന്ധന; ജീവനക്കാർക്ക് സൗജന്യ PCR ടെസ്റ്റ് സേവനം ഉപയോഗപ്പെടുത്താമെന്ന് FAHR

UAE

2022 ജനുവരി 3 മുതൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ, സർക്കാർ ജീവനക്കാർക്ക് സൗജന്യ PCR ടെസ്റ്റ് സേവനം ഉപയോഗപ്പെടുത്താമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. ഈ സേവനം യു എ ഇ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നൽകി വരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഡിസംബർ 21-നാണ് FAHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. NCEMA-യുടെ ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഫെഡറൽ ഗവൺമെന്റ് തലത്തിൽ COVID-19 പകർച്ചവ്യാധിയെ നേരിടാൻ ലക്ഷ്യമിട്ടുള്ള ചില നടപടിക്രമങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് FAHR എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അയച്ച ഒരു വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2022 ജനുവരി 3 മുതൽ യു എ ഇയിലെ ഫെഡറൽ ഗവണ്മെന്റ് കെട്ടിടങ്ങളിലേക്കും, സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്ന ജീവനക്കാർ, സന്ദർശകർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഗ്രീൻ പാസ് സംവിധാനം ഉപയോഗിച്ചായിരിക്കും പ്രവേശനം അനുവദിക്കുന്നതെന്ന സർക്കാർ തീരുമാനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഈ വിജ്ഞാപനത്തിൽ FAHR വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിജ്ഞാപനമനുസരിച്ച്, യു എ ഇയിലെ എല്ലാ എമിറേറ്റുകളിലെയും സർക്കാർ വകുപ്പുകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും (ബൂസ്റ്റർ ഡോസ് ഉൾപ്പടെ എല്ലാ ഡോസുകളും പൂർത്തിയാക്കിയവർ), വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് ലഭിച്ചിട്ടുള്ളവർക്കും, ഗ്രീൻ പാസ് സ്റ്റാറ്റസ് അടിസ്ഥാനമാക്കി നിയന്ത്രിക്കുന്നതാണെന്ന് FAHR അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട 2021-ലെ സർക്കുലർ നം.21-ൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാൻ മന്ത്രാലയങ്ങളോടും ഫെഡറൽ അധികാരികളോടും FAHR ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് അൽ ഹോസ്‌ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിൽനിർത്തുന്നതിനായി ഓരോ 14 ദിവസം തോറും PCR ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് നേടേണ്ടതാണ്. വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് ലഭിച്ചിട്ടുള്ളവർക്ക് അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടെങ്കിൽ ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഇവർക്ക് ഗ്രീൻ പാസ് സ്റ്റാറ്റസ് നിൽനിർത്തുന്നതിനായി ഓരോ 7 ദിവസം തോറും PCR ടെസ്റ്റ് നടത്തേണ്ടതാണ്. പതിനാറ് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഈ PCR ടെസ്റ്റ് ആവശ്യമില്ലെന്നും FAHR വ്യക്തമാക്കിയിട്ടുണ്ട്.

വാക്സിനെടുക്കാത്തവർ, അൽ ഹൊസൻ ആപ്പിൽ ഗ്രേ സ്റ്റാറ്റസ് ഉള്ളവർ (ഇവർ ഗ്രീൻ സ്റ്റാറ്റസ് ലഭിക്കുന്നതിനായി രോഗമുക്തരാണെന്ന് തെളിയിക്കുന്നതിനായി PCR ടെസ്റ്റ് നടത്തേണ്ടതാണ്) എന്നീ വിഭാഗങ്ങളിലുള്ള ജീവനക്കാർ, സന്ദർശകർ തുടങ്ങിയവർക്ക് സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ആരോഗ്യ മന്ത്രാലയം നൽകുന്ന സൗജന്യ PCR ടെസ്റ്റ് സേവനം സർക്കാർ ജീവനക്കാർക്ക് ‘Shefaa’ ആപ്പ്, അല്ലെങ്കിൽ https://smartforms.moh.gov.ae/ctb/apppages/covidtestbooking?lang=ar എന്ന സംവിധാനത്തിലൂടെ പ്രയോജനപ്പെടുത്താവുന്നതാണ്.

2022 ജനുവരി 3 മുതൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) 2021 ഡിസംബർ 19-ന് അറിയിച്ചിരുന്നു.