എക്സ്പോ 2020 ദുബായ്: യു എ ഇ ധനമന്ത്രി ഇന്ത്യ, പാകിസ്ഥാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

UAE

യു എ ഇ ധനമന്ത്രിയും, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലുള്ള ഇന്ത്യ, പാകിസ്ഥാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. ലോക എക്സ്പോ വേദിയിലെ പ്രദർശനങ്ങളുടെ വൈവിധ്യവും, നൂതനമായ ആശയങ്ങളുടെ സവിശേഷതകളും കൊറോണ വൈറസ് മഹാമാരിയിൽ നിന്ന് ഉയർത്തെഴുനേൽക്കുന്ന ലോകത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്സ്പോ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ പവലിയൻ സന്ദർശിച്ചു. ഭാരതത്തിന്റെ അതിപുരാതനവും, ഉജ്ജ്വലവുമായ പൈതൃകം, ഭാവിയെക്കുറിച്ചുള്ള രാജ്യത്തിന്റെ അഭിലാഷങ്ങൾ, അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ എന്നിവയെക്കുറിച്ച് അദ്ദേഹം നേരിട്ട് മനസ്സിലാക്കി.

നിപുണത, വ്യവസായം, പാരമ്പര്യം, വിനോദസഞ്ചാരം, സാങ്കേതിക വിദ്യ എന്നീ ഘടകങ്ങളെ എടുത്തുകാണിക്കുന്ന രീതിയിലാണ് ഇന്ത്യൻ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം, സാങ്കേതിക രംഗത്തെ നേട്ടങ്ങൾ എന്നിവ ഈ പവലിയനിൽ തെളിഞ്ഞ് കാണാവുന്നതാണ്.

India Pavilion at Expo 2020 Dubai. Source: Dubai Media Office.

നാല് നിലകളിൽ ഒരുക്കിയിരിക്കുന്ന ഇന്ത്യൻ പവലിയൻ സന്ദർശിക്കുന്നവർക്ക് യോഗ മുതൽ ബഹിരാകാശ സാങ്കേതികവിദ്യകൾ വരെ നീളുന്ന ഭാരതത്തിന്റെ നേട്ടങ്ങളെ അടുത്തറിയാൻ അവസരം ലഭിക്കുന്നു. സന്ദർശകർക്ക് ഇന്ത്യൻ കലാരൂപങ്ങൾ, സംസ്കാരം, പ്രകൃതി എന്നിവയെ അനുഭവിക്കുന്നതിനൊപ്പം, രാജ്യത്തെ വാണിജ്യ മേഖല, നിക്ഷേപ സാധ്യതകൾ എന്നിവ മനസിലാക്കുന്നതിനും സാധ്യമാകുന്ന രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്.

വിവിധ വർണ്ണങ്ങളിലുള്ള 600 ബ്ലോക്കുകളാൽ നവീനമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള ചലിക്കുന്ന മുഖപ്പ് ഇന്ത്യൻ പവലിയന്റെ പ്രത്യേകതയാണ്. ഒരു അച്ചുതണ്ടിൽ കറങ്ങുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഈ ബ്ലോക്കുകൾ ചിത്രവേല പോലെ വിവിധ പ്രമേയങ്ങൾ പ്രദർശിപ്പിക്കുന്നു. ഇന്ത്യ മുന്നോട്ട് കുതിക്കുന്നു എന്ന ആശയത്തിലൂന്നിയാണ് ഈ പവലിയനു രൂപം നൽകിയിരിക്കുന്നത്. ഏതാണ്ട് 4614 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഈ പവലിയൻ 2021 ഒക്ടോബർ 1-ന് ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഉദ്‌ഘാടനം ചെയ്തിരുന്നു.

പര്യടനത്തിന്റെ ഭാഗമായി H.H. ഷെയ്ഖ് മക്തൂം ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിൽ തന്നെ സ്ഥിതിചെയ്യുന്ന പാകിസ്ഥാൻ പവലിയനും സന്ദർശിച്ചിരുന്നു. രാജ്യത്തിന്റെ പരിസ്ഥിതി സംബന്ധമായ സൗന്ദര്യം എടുത്ത് കാട്ടുന്ന രീതിയിലാണ് പാകിസ്ഥാൻ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്.

സന്ദർശകർക്ക് സുസ്ഥിരത, കായികം, സാങ്കേതികം തുടങ്ങിയ മേഖലകളിൽ പാകിസ്ഥാൻ കൈവരിച്ചിട്ടുള്ള പുരോഗതി മനസിലാക്കുന്നതിന് ഈ പവലിയൻ അവസരമൊരുക്കുന്നു. പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ ഏഴായിരത്തിൽ പരം വർഷത്തെ ചരിത്രം, കല, സംസ്കാരം, വൈവിധ്യം എന്നിവ ഈ പവലിയൻ ചൂണ്ടികാട്ടുന്നു.

തുടർന്ന് H.H. ഷെയ്ഖ് മക്തൂം സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന സിംഗപ്പൂർ പവലിയൻ സന്ദർശിച്ചു. സമൃദ്ധമായ പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമായ സിംഗപ്പൂർ പവലിയൻ സുസ്ഥിര വികസനത്തിന്റെ ഉത്തമ ഉദാഹരണമാണ്.

Singapore Pavilion at Expo 2020 Dubai. Source: Dubai Media Office.

സീറോ എനർജി രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പവലിയൻ ഭൂമിശാസ്‌ത്രപരമായ പരിമിതികൾ മറികടന്ന് കൊണ്ട് ലോകത്തെ തന്നെ ഏറ്റവും മികച്ച വാസയോഗ്യമായ രാജ്യമായി സിംഗപ്പൂർ മാറിയതെങ്ങിനെയെന്ന് ചൂണ്ടിക്കാട്ടുന്നു.

സന്ദർശകർക്ക് പര്യവേക്ഷണം നടത്താനും, അടുത്തറിയാനും അവസരം നൽകുന്ന രീതിയിലൊരുക്കിയിട്ടുള്ള അതിനിബിഡമായ മഴക്കാടുകൾ സിംഗപ്പൂർ പവലിയന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. സിംഗപ്പൂർ മുന്നോട്ട് വെക്കുന്ന പ്രധാന ദർശനങ്ങളിലൊന്നായ ‘പ്രകൃതിയിൽ രൂപപ്പെടുത്തിയ നഗരം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ഓപ്പൺ എയർ രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ പവലിയനിലെ 1500 സ്‌ക്വയർ മീറ്റർ പ്രദേശത്ത് ഉഷ്ണമേഖലാ സസ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

WAM