എക്സ്പോ 2020 ദുബായ്: യു എ ഇ വിദേശകാര്യ വകുപ്പ് മന്ത്രി ജി സി സി രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

UAE

യു എ ഇ വിദേശകാര്യ, അന്തർദേശീയ സഹകരണ വകുപ്പ് മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോ 2020 ദുബായ് വേദിയിലുള്ള ജി സി സി രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. എക്സ്പോ 2020 ദുബായ്, ജിസിസി രാജ്യങ്ങളുടെ പ്രതീക്ഷകളും, അഭിവൃദ്ധിയും നിറഞ്ഞ ഭാവിയിലേക്കുള്ള അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും, “പ്രചോദനവും, സമ്പന്നവുമായ സംയുക്ത ഗൾഫ് പ്രവർത്തനത്തിന്റെ ചരിത്രം പ്രതിഫലിപ്പിക്കുന്നു” എന്നും അദ്ദേഹം ഈ വേളയിൽ അഭിപ്രായപ്പെട്ടു.

“ഇന്ന്, എക്സ്പോ 2020 ദുബായിൽ, സമഗ്രമായി പ്രവർത്തിക്കുന്നതിനായി ഞങ്ങളുടെ സ്നേഹവും, സാഹോദര്യവും, സഹകരണവും പങ്കുവെക്കുന്നതിനൊപ്പം, ജിസിസി രാജ്യങ്ങളുടെ ആഗോള പ്രശസ്തി നേടിയിട്ടുള്ള പ്രവർത്തന ലക്ഷ്യം ഏകീകരിക്കുന്നതും, ഞങ്ങളുടെ ജനങ്ങൾക്ക് സുസ്ഥിരമായ വികസനം ഉറപ്പ് വരുത്തുന്നതും ഞങ്ങളുടെ പ്രവർത്തനലക്ഷ്യമാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചുകൊണ്ടാണ് H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള തന്റെ സന്ദർശന യാത്ര ആരംഭിച്ചത്. 13059 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൗദി പവലിയൻ, എക്സ്പോ 2020 ദുബായ് വേദിയിലെ രണ്ടാമത്തെ വലിയ പവലിയനാണ്.

എക്സ്പോ 2020 ദുബായിലെ സൗദി പങ്കാളിത്തത്തെ ഷെയ്ഖ് അബ്ദുള്ള പ്രശംസിച്ചു. പവലിയനിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്ന പ്രചോദനാത്മകമായ അനുഭവങ്ങൾ അദ്ദേഹം നേരിട്ട് കണ്ട് മനസ്സിലാക്കി. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും, അതിന്റെ നൂതനവും ഗുണപരവുമായ പദ്ധതികളെക്കുറിച്ചും അറിയിക്കുകയും, ജനങ്ങൾക്ക് സമൃദ്ധവും സുസ്ഥിരവുമായ ഭാവി കൈവരിക്കാനുള്ള അതിരറ്റ അഭിലാഷം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്.

WAM

സൗദി ജനത, പ്രകൃതി, പൈതൃകം, അവസരങ്ങൾ എന്നിങ്ങനെ നാല് പ്രധാന സ്തംഭങ്ങളിലൂടെ സന്ദർശകർക്ക് രാജ്യത്തെ അടുത്തറിയാൻ ഈ പവലിയനിലൂടെ സാധിക്കുന്നതാണ്. ഭൂമിക്ക് മുകളിൽ ആറ് നിലകളിൽ ഉയർന്ന് നിൽക്കുന്ന ഈ പവലിയൻ സന്ദർശകർക്ക് മുന്നിൽ സൗദിയുടെ പുരാതന സംസ്കാരവും, പൈതൃകവും, അതിന്റെ പ്രകൃതിദൃശ്യത്തിന്റെ അത്ഭുതങ്ങളും, അതിന്റെ വർത്തമാന, ഭാവി അഭിലാഷങ്ങൾ തേടിയുള്ള ദ്രുതഗതിയിലുള്ള സഞ്ചാരവും അനുഭവവേദ്യമാക്കുന്നു.

തുടർന്ന് അദ്ദേഹം ഖത്തർ പവലിയൻ സന്ദർശിച്ചു. ‘ഖത്തർ: ഭാവി ഇപ്പോൾ’ എന്ന പ്രമേയം വഹിക്കുന്ന ഈ പവലിയൻ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

ഖത്തർ സംസ്കാരത്തിന്റെയും, പൈതൃകത്തിന്റെയും സവിശേഷതകൾ സന്ദർശകർക്ക് മുന്നിൽ അനാവരണം ചെയ്യുകയും, ഖത്തറിന്റെ നാഷണൽ വിഷൻ 2030 അനുസരിച്ചുള്ള ഉജ്ജ്വലവും, സുസ്ഥിരവുമായ ഭാവിക്കായുള്ള അതിന്റെ അഭിലാഷങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്. രാജ്യം നടപ്പാക്കിയ നിരവധി പദ്ധതികളെക്കുറിച്ചും, 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും പവലിയൻ അധികൃതർ അദ്ദേഹത്തെ അറിയിച്ചു. ഈ പ്രമുഖ ആഗോള കായിക മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതിന് ഖത്തറിന് അദ്ദേഹം വിജയാശംസകൾ നേർന്നു.

തുടർന്ന് അദ്ദേഹം കുവൈറ്റ് പവലിയൻ സന്ദർശിച്ചു. ലോക എക്സ്പോയിൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വലുപ്പവും, വിസ്തൃതിയും ഉള്ള പവലിയനാണ് ഇത്തവണ കുവൈറ്റ് ഒരുക്കിയിട്ടുള്ളത്.

‘പുതിയ കുവൈറ്റ്: സുസ്ഥിരതയ്ക്കുള്ള പുതിയ അവസരങ്ങൾ’ എന്ന വിഷയത്തിലൂന്നിക്കൊണ്ട് രൂപകല്പന ചെയ്തിരിക്കുന്ന ഈ പവലിയൻ എക്സ്പോ വേദിയിലെ സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഭാവി തലമുറകൾക്ക് സുസ്ഥിരമായ ഭാവി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കുവൈറ്റ് വിഷൻ 2035 മുന്നോട്ട് വെക്കുന്ന ‘പുതിയ കുവൈറ്റ്’ എന്നതിന്‍റെ സന്ദേശം ഈ പവലിയൻ പൂർണ്ണമായും ഉൾകൊള്ളുന്നു.

പര്യടനത്തിന്റെ ഭാഗമായി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഒമാൻ സുൽത്താനേറ്റിന്റെ പവലിയനും സന്ദർശിച്ചു. എക്സ്പോ 2020 ദുബായിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് ഒമാൻ പവലിയൻ സ്ഥിതി ചെയ്യുന്നത്.

ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തുകളിലൊന്നായ കുന്തിരിക്കം മരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന രീതിയിൽ ഒരുക്കിയിട്ടുള്ള ഈ പവലിയന്റെ രൂപകല്പനയെ അദ്ദേഹം പ്രശംസിച്ചു. ഒമാന്റെ പ്രകൃതി സമ്പത്തിലും, സാംസ്‌കാരിക പൈതൃകത്തിലും ഊന്നിയാണ് ഈ പവലിയനിലെ കാഴ്ച്ചകളും, അനുഭവങ്ങളും ഒരുക്കിയിരിക്കുന്നത്.

പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ‘ഒമാൻ 2040’ ദർശനം ഉൾക്കൊള്ളുന്ന വിവിധ ഒമാനി സ്ഥാപനങ്ങളുടെ നേട്ടങ്ങൾ, പദ്ധതികൾ എന്നിവ അദ്ദേഹം നേരിട്ട് കണ്ടറിഞ്ഞു. ഒമാന്റെ ചരിത്രവും രാജ്യത്തിന്റെ നാഗരികവും മാനുഷികവുമായ നേട്ടങ്ങളും അതിന്റെ ഭാവി അഭിലാഷങ്ങളും സന്ദർശകർക്കായി ഈ പവലിയൻ വെളിപ്പെടുത്തുന്നു.

തുടർന്ന് അദ്ദേഹം ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്ടിലെ ബഹ്റൈൻ പവലിയൻ സന്ദർശിച്ചു. രാജ്യത്തിന്റെ സാംസ്കാരികവും ചരിത്രപരവും സാമ്പത്തികവുമായ ഘടകങ്ങളെക്കുറിച്ചുള്ള പ്രമുഖ കാഴ്ചപ്പാടുകൾ സന്ദർശകർക്ക് അനുഭവിച്ചറിയാനാകുന്ന രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്. ഏറ്റവും ഉയർന്ന ജനസാന്ദ്രതാ നിരക്കുകളുള്ള രാജ്യങ്ങളിലൊന്നായ ബഹ്റൈൻ, ഈ സാന്ദ്രതയുടെ വീക്ഷണകോണിൽ നിന്ന് ആസ്വദിക്കുന്ന വിവിധ ഘടകങ്ങൾ ഈ പവലിയനിൽ ദർശിക്കാവുന്നതാണ്.

WAM