COVID-19 പശ്ചാത്തലത്തിലെ യാത്രാ വിലക്കുകൾ മൂലം രാജ്യത്തിനു പുറത്ത് കുടുങ്ങിക്കിടക്കുന്ന റെസിഡൻസി വിസകളുള്ള പ്രവാസികളെ യു എ ഇയിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA) അറിയിച്ചു. ഇതിനായുള്ള പ്രാഥമിക നടപടികൾ എടുത്തതായും, ഏതാണ്ട് 2 ലക്ഷം റെസിഡൻസി വിസക്കാരെ തിരികെയെത്തിക്കുന്നതിനായാണ് ലക്ഷ്യമിടുന്നതിനും ജൂൺ 11, വ്യാഴാഴ്ച്ച ICA അറിയിച്ചു.
ഇതിനുള്ള നടപടികൾ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷനും (MoFAIC), ICA-യും സംയുക്തമായി എടുത്തുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
സാധുതയുള്ള റെസിഡൻസി വിസകൾ ഉള്ളവർക്ക് ജൂൺ 1 മുതൽ യു എ യിലേക്ക് തിരികെ മടങ്ങാമെന്ന് MoFAIC മെയ് 19-നു അറിയിച്ചിരുന്നു. ഇത്തരത്തിൽ യു എ ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ICA വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും ഈ അറിയിപ്പിന്റെ ഭാഗമായി ICA നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. യാത്രാ വിലക്കുകൾ നിലനിന്നിരുന്ന കാലയളവിൽ ഏതാണ്ട് 31,000 അടിയന്തിര സാഹചര്യങ്ങളിലുള്ള യു എ ഇ റെസിഡൻസി വിസകളുള്ളവർക്ക് തിരികെ വരാൻ അനുമതി നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
യു എ ഇയിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്ന സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികളോട് smartservices.ica.gov.ae എന്ന വെബ്സൈറ്റിലൂടെ “Resident Entry Permit” രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും NCEMA നിർദ്ദേശം നൽകി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി, അപേക്ഷ അംഗീകരിച്ച് കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രമേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇത്തരത്തിൽ അനുവാദം ലഭിക്കുന്നവർക്ക് യു എ ഇയിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും COVID-19 പരിശോധനകൾക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് 14 ദിവസം ക്വാറന്റീനിൽ തുടരേണ്ടി വരുമെന്നും, ഇതിനായുള്ള ചെലവുകൾ സ്വയം വഹിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്വാറന്റീനിൽ തുടരുന്ന കാലാവധിയിൽ അധികൃതർ നിർദ്ദേശിക്കുന്ന COVID-19 സ്മാർട്ട് ആപ്പ് ഉപയോഗിക്കേണ്ടതാണെന്നും NCEMA അറിയിപ്പിൽ പറയുന്നുണ്ട്.