സമൂഹ മാധ്യമങ്ങളിലൂടെ COVID-19 വാക്സിനുകളെക്കുറിച്ച് പ്രചരിക്കുന്ന വിവിധ ഊഹാപോഹങ്ങൾ വ്യാജമാണെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം വ്യാജ വാർത്തകൾക്കും, കിംവദന്തികൾക്കുമെതിരെ മന്ത്രാലയം ശക്തമായി പ്രതികരിച്ചു.
ജനുവരി 12, ചൊവ്വാഴ്ച്ച പുലർച്ചയാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വാക്സിൻ സംബന്ധമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവിധ കിംവദന്തികൾ തള്ളിക്കളയാൻ മന്ത്രാലയം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.
കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗികമായതും, വിശ്വസനീയമായതുമായ സ്രോതസ്സുകളെ പിന്തുടരാനും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ മറ്റുള്ളവരിലേക്ക് പങ്ക് വെക്കുന്നതിന് മുൻപ്, അവയുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ നേരിടുന്നത് ഒഴിവാക്കാൻ ഇത് പ്രധാനമാണെന്ന് മന്ത്രാലയം ജനങ്ങളെ ഓർമ്മപ്പെടുത്തി. ഇത്തരം വ്യാജ വാർത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം വ്യക്തമാക്കി.