വിവിധ രീതിയിലുള്ള തട്ടിപ്പുകൾ ലക്ഷ്യമിട്ട് തങ്ങളുടെ പേരിൽ വരുന്ന വ്യാജ ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ICA-യിൽ നിന്നുള്ളതെന്ന രീതിയിൽ ലഭിക്കുന്ന എല്ലാ ഇമെയിൽ സന്ദേശങ്ങളുടെയും ആധികാരികത പരിശോധിച്ച ശേഷം മാത്രമേ അവയോട് പ്രതികരിക്കാവൂ എന്നും അധികൃതർ കൂട്ടിച്ചേർത്തു.
പല തട്ടിപ്പ് സംഘങ്ങളും ഇത്തരം സന്ദേശങ്ങൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും ICA ചൂണ്ടിക്കാട്ടി. ICA-യിൽ നിന്ന് ലഭിക്കുന്ന ഇമെയിൽ സന്ദേശങ്ങൾ ica.gov.ae എന്ന ഡൊമെയ്ൻ വിലാസത്തിൽ നിന്ന് മാത്രമാണ് വരുന്നതെന്നും, അതിനാൽ ഓരോ സന്ദേശവും ഈ വിലാസത്തിൽ നിന്നുള്ളവയാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതും, ബാങ്ക് തട്ടിപ്പുകൾ ലക്ഷ്യമിട്ടും വരുന്ന അപകടകരമായ ലിങ്കുകൾ അടങ്ങിയ തട്ടിപ്പ് ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ ICA ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.