ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് യു എ ഇയിൽ നിന്ന് നാട് കടത്തപ്പെടുന്നതിന് രാജ്യത്തെ കോടതികൾ ശിക്ഷ വിധിച്ചിട്ടുള്ള പ്രവാസികൾക്ക് നിലവിലെ പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു. യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അധികൃതരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതി നിലവിൽ യു എ ഇയിലുള്ള പ്രവാസികൾക്ക് മാത്രമാണ് ബാധകമെന്ന് ICP അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2024 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെയാണ് ഈ പദ്ധതിയുടെ പ്രയോജനം ഉപയോഗപ്പെടുത്താൻ അവസരം.
വിവിധ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് സെപ്റ്റംബർ 1-ന് മുൻപായി യു എ ഇയിൽ നിന്ന് തിരികെ മടങ്ങിയിട്ടുള്ള പ്രവാസികൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താനാകുന്നതല്ല. യു എ ഇയിൽ നിന്ന് നാട് കടത്തുന്നതിന് വിധിക്കപ്പെട്ടിട്ടുള്ളവർക്ക് അവരുടെ ക്രിമിനൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഫയലുകളിൽ തീർപ്പാകുന്നത് വരെ ഈ പദ്ധതി പ്രയോജനപ്പെടുത്താനാകില്ല.