മുഴുവൻ നിവാസികൾക്കും COVID-19 വാക്സിൻ നൽകുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് യു എ ഇ

UAE

രാജ്യത്തെ മുഴുവൻ നിവാസികൾക്കും COVID-19 വാക്സിൻ നൽകുന്ന ആദ്യ രാജ്യമാകുന്നതിനാണ് യു എ ഇ ലക്ഷ്യമിടുന്നതെന്ന് നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി. ജനുവരി 26, ചൊവ്വാഴ്ച്ചയാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/NCEMAUAE/status/1354092685410381824

രാജ്യത്തെ മുഴുവൻ നിവാസികളും കൊറോണ വൈറസിനെതിരായ പ്രതിരോധ ശേഷി നേടുന്നതിനാണ് ഇതിലൂടെ ലക്‌ഷ്യം വെക്കുന്നതെന്ന് NCEMA വ്യക്തമാക്കി. ഇത് രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനും സഹായകമാകുമെന്ന് NCEMA കൂട്ടിച്ചേർത്തു.

ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി 2021-ലെ ആദ്യ മൂന്ന് മാസത്തിനകം രാജ്യത്തെ ആകെ ജനസംഖ്യയുടെ 50 ശതമാനത്തിൽ പരം പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും NCEMA അറിയിച്ചു. രാജ്യത്തുടനീളം 205-ൽ പരം കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സൗജന്യമായി നൽകിവരുന്നതായും NCEMA കൂട്ടിച്ചേർത്തു. നിലവിൽ സിനോഫാം, ഫൈസർ, സ്പുട്നിക് എന്നീ COVID-19 വാക്സിനുകളാണ് യു എ ഇയിൽ നൽകുന്നത്.

ഈ വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച് സമഗ്രമായ പഠനങ്ങൾക്ക് ശേഷമാണ് ഇവ ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമാക്കിയതെന്നും NCEMA വ്യക്തമാക്കി. കഴിഞ്ഞ വാരത്തിൽ ശരാശരി 100-ൽ 6.06 പേർക്ക് എന്ന നിരക്കിലാണ് വാക്സിൻ നൽകിയതെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.