യു എ ഇ: കുരങ്ങ് പനി നേരിടാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമാണെന്ന് MoHAP

GCC News

കുരങ്ങ് പനി പടരുന്നത് കൈകാര്യം ചെയ്യാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമാണെന്ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) വ്യക്തമാക്കി. 2022 മെയ് 22-ന് രാത്രിയാണ് MoHAP ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി രോഗബാധ സംശയിക്കുന്ന കേസുകൾ അധികാരികൾ മുൻകൂട്ടി അന്വേഷിക്കുകയും, സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നതായി MoHAP അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഏതാനം യൂറോപ്യൻ രാജ്യങ്ങളിലും നോർത്ത് അമേരിക്കയിലും കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നിലവിൽ പ്രാദേശികമായി രോഗത്തിൻറെ തീവ്രത പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും അതനുസരിച്ച് രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ മെഡിക്കൽ കേഡർമാർക്കും സംശയാസ്പദമായ എന്തെങ്കിലും കേസ് ഉണ്ടെങ്കിൽ യോഗ്യതയുള്ള ആരോഗ്യ അധികാരികളെ അറിയിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഒരു സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും MoHAP ഊന്നിപ്പറഞ്ഞു.

“സംശയിക്കുന്ന രോഗികളെ കണ്ടെത്തുന്നതിന് ഞങ്ങൾ കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പകർച്ചവ്യാധി നിയന്ത്രണത്തിനായുള്ള സാങ്കേതിക ഉപദേശക സംഘം നിരീക്ഷണം, രോഗം നേരത്തെ കണ്ടെത്തൽ, ക്ലിനിക്കലി രോഗബാധിതരായ രോഗികളുടെ ചികിത്സ, മുൻകരുതൽ നടപടികൾ എന്നിവയ്ക്കായി സമഗ്രമായ ഗൈഡും തയ്യാറാക്കിയിട്ടുണ്ട്,” അധികൃതർ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള കുരങ്ങ് പനി വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സാധ്യമായ ഏതെങ്കിലും കേസുകൾ കണ്ടെത്തുന്നതിനും വൈറസിന്റെ പ്രാദേശിക വ്യാപനം തടയുന്നതിനും മറ്റ് ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക എപ്പിഡെമിയോളജിക്കൽ നിരീക്ഷണം ശക്തമാക്കുകയാണെന്നും MoHAP ആവർത്തിച്ചു.

കുരങ്ങ് പനി (മങ്കിപോക്സ്) മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന ഒരു വൈറൽ രോഗമാണ്. മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ പ്രധാനമായും കാണപ്പെടുന്ന ഈ രോഗം ഇടയ്ക്കിടെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കാറുണ്ട്. രോഗം ബാധിച്ച വ്യക്തിയുമായോ മൃഗവുമായോ അല്ലെങ്കിൽ വൈറസ് ബാധിച്ച വസ്തുക്കളുമായോ അടുത്തിടപഴകുന്നതിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്.

മുറിവുകൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള മലിനമായ വസ്തുക്കൾ എന്നിവയുമായി അടുത്ത സമ്പർക്കം വഴി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. അപൂർവവും, സാധാരണയായി സൗമ്യമായ രീതിയിൽ ബാധിക്കുന്ന മങ്കിപോക്സ് പലപ്പോഴും ഗുരുതരമായ രോഗത്തിന് കാരണമാകാവുന്നതാണ്.

ഈ രോഗം സംബന്ധിച്ച കിംവദന്തികൾ പ്രചരിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

WAM