യു എ ഇ – ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ ബെർലിൻ ഹോളോകോസ്റ്റ് മെമ്മോറിയൽ സന്ദർശിച്ചു

GCC News

ചരിത്ര പ്രാധാന്യമുള്ള ഒരു നീക്കത്തിലൂടെ യു എ ഇ – ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ സംയുക്തമായി ബെർലിനിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ, അനുബന്ധമായുള്ള മ്യൂസിയം എന്നിവ ഒക്ടോബർ 6, ചൊവ്വാഴ്ച്ച സന്ദർശിച്ചു. യു എ ഇ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി ആഷ്കെനാസി എന്നിവരുടെ ഈ കൂടിക്കാഴ്ച്ചയ്ക്ക് ജർമൻ വിദേശകാര്യ മന്ത്രി ഹൈക്കോ മാസ് ആതിഥ്യം വഹിച്ചു.

നാസി ഭരണകൂടത്തിന് കീഴിൽ യൂറോപ്പിൽ വംശഹത്യയ്ക്കിരയായ 6 ദശലക്ഷം ജൂതന്മാരുടെ ഓര്‍മ്മയ്ക്കായുളള ഹോളോകോസ്റ്റ് മെമ്മോറിയൽ സന്ദർശനം, ഷെയ്ഖ് അബ്ദുല്ലയുടെ ഭാഗത്തു നിന്നുള്ള പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ സമാധാന നീക്കങ്ങളിൽ സുപ്രധാനമായ ഒരു പ്രതീകാത്മക ചുവടായി കണക്കാക്കാവുന്നതാണ്. സെപ്റ്റംബറിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന കരാർ നിലവിൽ വന്ന ശേഷം ആദ്യമായാണ് വിദേശകാര്യ മന്ത്രിമാർ നേരിട്ട് ചർച്ചകൾക്കായി ഒത്തുചേരുന്നത്.

2005-ൽ സ്ഥാപിതമായ ഹോളോകോസ്റ്റ് മെമ്മോറിയൽ ഏതാണ്ട് 19000 സ്‌ക്വയർ മീറ്ററിൽ സ്ഥിതിചെയ്യുന്നു. യു എ ഇ – ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ മെമ്മോറിയൽ നടന്നു കാണുകയും, നാസി ഭരണകൂടത്തിന്റെ ഭീകരത ആലേഖനം ചെയ്തിട്ടുള്ള സന്ദർശക കേന്ദ്രം സന്ദർശിക്കുകയും ചെയ്തു.

സഹിഷ്‌ണുത, സഹവര്‍ത്തിത്വം, അംഗീകാരം എന്നിവയുടെ പ്രാധാന്യം, ഈ ചിന്തകൾ ലോകത്ത് ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യം എന്നിവ വിളിച്ചോതുന്ന ചരിത്ര പ്രാധാന്യമുള്ള സ്‌മാരകചിഹ്നമാണ് ഹോളോകോസ്റ്റ് മെമ്മോറിയൽ എന്ന് സന്ദർശനത്തിനിടയിൽ ഷെയ്ഖ് അബ്ദുല്ല അഭിപ്രായപ്പെട്ടു. സഹിഷ്‌ണുത, സഹവര്‍ത്തിത്വം, സഹാനുഭൂതി എന്നിവയിൽ അടിസ്ഥാനപ്പെടുത്തിയാണ് യു എ ഇ എന്നും നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

COVER PHOTO: WAM