യു എ ഇയിലെ COVID-19 പ്രതിരോധ പോരാട്ടത്തിന്റെ മുൻനിരയിലെ പോരാളികളെ ആദരിക്കുന്നതിനായി എമിറേറ്റ്സ് പോസ്റ്റ് ഒരു പ്രത്യേക സോവനീർ സ്റ്റാമ്പ് ഷീറ്റ് പുറത്തിറക്കി. COVID-19 മഹാമാരിയുടെ ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷത്തിലും, സ്വന്തം ജീവൻ പണയപ്പെടുത്തി സമൂഹത്തിനായി സേവനത്തിനിറങ്ങിയവരുടെ ത്യാഗത്തിന്റെയും മനോധൈര്യത്തിന്റെയും പ്രതീകമാണീ സ്മാരക തപാൽ മുദ്ര.
COVID-19 സേവനരംഗത്തുള്ളവരെ ആദരിക്കുന്നതിനായി, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ‘താങ്ക്യൂ ഹീറോസ്’ (#ThankYouHeroes) പ്രചാരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ സ്റ്റാമ്പ്. വിവിധ മേഖലകളിൽ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരെ ഈ തപാൽ മുദ്രയിൽ ആലേഖനം ചെയ്തിട്ടുണ്ട്.
ഡോക്ടർ, നേഴ്സ്, ലാബ് ടെക്നിഷ്യൻ, സിവിൽ ഡിഫൻസ് സേവകർ, പോലീസ്, അണുനശീകരണ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, കൊറിയർ ഡെലിവറി സേവന പ്രവർത്തകർ എന്നിങ്ങനെ COVID-19 വ്യാപനം തടയുന്നതിനും, COVID-19 സാഹചര്യങ്ങളിൽ അവശ്യ സേവനങ്ങൾക്ക് മുടക്കം വരാതിരിക്കാനായി പ്രവർത്തിക്കുന്നവരെയും ചരിത്രത്തിൽ രേഖപ്പെടുത്തുകയാണ് എമിറേറ്സ് പോസ്റ്റ്.
19 ദിർഹമാണ് ഈ സ്റ്റാമ്പ് ഷീറ്റിന്റെ വില. എമിറേറ്റ്സ് പോസ്റ്റ് വെബ്സൈറ്റിലൂടെ മെയ് 10 മുതൽ ഈ സോവനീർ ഷീറ്റ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. 10 ദിർഹം ആണ് ഡെലിവറി ചാർജ് ആയി ഈടാക്കുന്നത്. ഇവയിൽ നിന്നുള്ള തുക COVID-19 സന്നദ്ധ പ്രവർത്തനങ്ങൾക്കായും, എമിറേറ്സ് റെഡ് ക്രസന്റിലേക്കും സംഭാവന ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.