യു എ ഇ: സാമൂഹിക ചടങ്ങുകളിൽ കർശന നിയന്ത്രണം; കുടുംബ ചടങ്ങുകളിൽ പരമാവധി 10 പേർക്ക് മാത്രം പങ്കെടുക്കാൻ അനുവാദം

GCC News

കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി യു എ ഇയിലെ സാമൂഹിക ചടങ്ങുകളിലും, കുടുംബ ഒത്തുചേരലുകളിലും കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു. യു എ ഇയിലെ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന സംയുക്തമായാണ് NCEMA രാജ്യത്തെ സാമൂഹിക ചടങ്ങുകൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അറിയിച്ചത്.

ഈ പുതിയ മാനദണ്ഡങ്ങൾ പ്രകാരം വിവാഹച്ചടങ്ങുകൾ, ശവസംസ്കാര ചടങ്ങുകൾ മുതലായവയിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ചും അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്. NCEMA-യുടെ നിർദ്ദേശപ്രകാരം യു എ എയിൽ നടക്കുന്ന എല്ലാ കുടുംബ ചടങ്ങുകളിലും പരമാവധി 10 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുവദിച്ചിട്ടുള്ളത്. ഇത്തരം ചടങ്ങുകളിൽ വളരെ അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് പങ്കെടുക്കാനാകുക എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹിക ചടങ്ങുകൾ നടത്തുന്നവർക്കുള്ള പൊതുവായ സുരക്ഷാ നിർദ്ദേശങ്ങൾ:

  • പങ്കെടുക്കുന്നവർക്കിടയിൽ സാമൂഹിക അകലം ഉറപ്പാക്കേണ്ടതാണ്. ചുരുങ്ങിയത് 2 മീറ്റർ അകലം അതിഥികൾക്കിടയിൽ ഉറപ്പാക്കണം.
  • ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർ, പനി മുതലായ രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവരെ ചടങ്ങുകളിൽ പങ്കെടുപ്പിക്കരുത്. ഇത് ഉറപ്പാക്കുന്നതിനായി ശരീരോഷ്മാവ് പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്.
  • ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കിടയിൽ COVID-19 രോഗബാധ കണ്ടെത്തുകയാണെങ്കിൽ, ഇത്തരം അതിഥികളെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതാണ്.
  • പങ്കെടുക്കുന്നവർക്കിടയിൽ കൊറോണ വൈറസ് രോഗബാധയെക്കുറിച്ചും, കൈകൾ ശുചിയാക്കുന്നതിനെക്കുറിച്ചും, ചുമ, തുമ്മൽ എന്നിവ സംബന്ധിച്ചുള്ള സുരക്ഷാ നടപടികളെക്കുറിച്ചും അവബോധം ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
  • വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, പ്രായമായവർ എന്നിവർ കഴിയുന്നതും ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്.

വിവാഹങ്ങൾ പോലുള്ള കുടുംബ ചടങ്ങുകളുമായി ബന്ധപ്പെട്ട് NCEMA നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:

  • വരന്റെയും, വധുവിന്റെയും കുടുംബങ്ങളിൽ നിന്നുള്ള ഏറ്റവും അടുത്ത 10 ബന്ധുക്കൾക്കാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയുള്ളത്.
  • പങ്കെടുക്കുന്നവർക്ക് ചടങ്ങിന് 24 മണിക്കൂർ മുൻപായി COVID-19 ടെസ്റ്റ് നടത്തേണ്ടതാണ്.
  • ബുഫേ രീതിയുള്ള ഭക്ഷണ വിതരണ സംവിധാനങ്ങൾ ഒരുക്കാൻ അനുവാദമില്ല. കഴിയുന്നതും ഭക്ഷണങ്ങളും, പാനീയങ്ങളും നൽകുന്നതിനായി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പാത്രങ്ങൾ ഉറപ്പാക്കേണ്ടതാണ്.
  • ചടങ്ങു നടക്കുന്ന ഇടങ്ങളിൽ തുടർച്ചയായി അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതാണ്.
  • കൈകൾ ശുചിയാക്കുന്നതിനായുള്ള സാനിറ്റൈസറുകൾ ഒരുക്കേണ്ടതാണ്.

ശവസംസ്കാര ചടങ്ങുകൾ, അതുമായി ബന്ധപ്പെട്ട പ്രാർത്ഥനകൾ മുതലായ ചടങ്ങുകൾക്കുള്ള NCEMA-യുടെ സുരക്ഷാ നിർദ്ദേശങ്ങൾ

  • ശ്‌മശാനങ്ങളിലുള്ള ജീവനക്കാർ നിർബന്ധമായും മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്.
  • ശവസംസ്കാരത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ചടങ്ങിന് മുൻപും, ശേഷവും അണുവിമുക്തമാക്കേണ്ടതാണ്.
  • കൈകൾ ഇടയ്ക്കിടെ ശുചിയാക്കേണ്ടതാണ്. അധികൃതർ അംഗീകരിച്ചിട്ടുള്ള സാനിറ്റൈസറുകൾ ഉപയോഗിക്കേണ്ടതാണ്.
  • പരമാവധി 10 പേർക്ക് മാത്രമാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദം നൽകിയിട്ടുള്ളത്.
  • കുഴിമാടം ഒരുക്കുന്നതിന് പരമാവധി 2 ജീവനക്കാർക്ക് മാത്രമാണ് അനുവാദം. ശവം സംസ്‌ക്കരിക്കാന്‍ കൊണ്ടുപോകുന്നതിന് 4 മുതൽ 8 പേർക്ക് വരെയാണ് അനുവാദം.
  • ശ്‌മശാനങ്ങളിലുള്ള ജീവനക്കാർക്കിടയിൽ രോഗലക്ഷണങ്ങളുള്ളവർ ചടങ്ങിൽ പങ്കെടുക്കരുത്.
  • COVID-19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും, സുരക്ഷാ നിർദ്ദേശങ്ങളും ശ്‌മശാന കവാടങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണ്. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് കൊറോണ വൈറസ് പ്രതിരോധ നടപടികളെക്കുറിച്ച് അവബോധം ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.