യു എ ഇ: അമിതവണ്ണം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുള്ളവരിൽ COVID-19 ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ബോധവൽക്കരണ കാമ്പയിൻ

UAE

അമിതവണ്ണം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുള്ളവരിൽ COVID-19 ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ഒരു പ്രത്യേക പ്രചാരണപരിപാടി ആരംഭിച്ചു. മുൻകരുതൽ നടപടികൾ, ആരോഗ്യകരമായ സമീകൃതാഹാരം, ഡോക്ടർമാർ നിശ്ചയിച്ച ചികിത്സാ പദ്ധതികൾ എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും, അമിതവണ്ണം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയ്ക്ക് COVID-19-നുമായുള്ള ബന്ധം എടുത്തുകാണിക്കുന്നതിനും ഈ പ്രചാരണപരിപാടിയിലൂടെ MoHAP ലക്ഷ്യമിടുന്നു.

COVID-19 പകർച്ചവ്യാധിയെ നേരിടുന്നതിനായുള്ള ദേശീയ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ നയത്തിന് അനുസൃതമായാണ് ഈ പ്രചാരണപരിപാടി ആരംഭിച്ചിട്ടുള്ളത്. COVID-19 സങ്കീർണതകളിൽ നിന്നും പ്രത്യാഘാതങ്ങളിൽ നിന്നും മുക്തമായ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് രാജ്യത്തെ ആരോഗ്യമേഖല സൌകര്യപ്രദവും ബഹുമുഖവുമായ തന്ത്രം സ്വീകരിക്കുകയാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

അമിതവണ്ണവും, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അർബുദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുമുള്ളവരിൽ കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും, രോഗബാധയുണ്ടാകുന്ന സാഹചര്യത്തിൽ അത് സങ്കീർണമായി ബാധിക്കുന്നതിനുള്ള സാധ്യതകൾ കൂടുതലാണെന്നും നിരവധി ആഗോള റിപ്പോർട്ടുകളും പഠനങ്ങളും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ പ്രചാരണപരിപാടി ആരംഭിച്ചിട്ടുള്ളത്. അതിനാൽ, അമിതവണ്ണം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്നതിലൂടെ ഇവരെ വൈറസ് ബാധിക്കുന്നതിൽ നിന്ന് വളരെയധികം സംരക്ഷിക്കുന്നതിനും, രോഗബാധയുണ്ടാകുന്ന സാഹചര്യത്തിൽ അതിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനും മന്ത്രാലയം ലക്ഷ്യംവെക്കുന്നു.

“പകർച്ചവ്യാധിയുടെ ആദ്യ നാളുകൾ മുതൽ, അമിതവണ്ണമുള്ള രോഗികൾക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകുകയും അതനുസരിച്ച് അവർക്ക് പ്രത്യേക ആരോഗ്യ പരിരക്ഷ നൽകുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലെ മറ്റുള്ളവരുമായുള്ള ബന്ധം പരിമിതപ്പെടുത്തുന്നതിന് ലാബിലും ഹോം ടെസ്റ്റിംഗിലും അവർക്ക് മുൻ‌ഗണന നൽകിയിട്ടുണ്ട്, കൂടാതെ ഇവർ COVID-19 വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിക്കുന്നതിൽ മുൻ‌ഗണനാ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നു,” ആരോഗ്യ കേന്ദ്രങ്ങളുടെയും ക്ലിനിക്കുകളുടെയും സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൾ റഹ്മാൻ അൽ റാൻഡ് വ്യക്തമാക്കി.

“രോഗബാധിതനായ വ്യക്തി 60 വയസ്സിന് മുകളിലാണെങ്കിൽ COVID-19-ന്റെ തീവ്രത വർദ്ധിക്കുന്നു. ആസ്ത്മ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, എച്ച് ഐ വി പോലുള്ള രോഗങ്ങൾ മൂലമോ കാൻസർ ചികിത്സയ്ക്ക് വിധേയരാകുന്നതോ മൂലം രോഗപ്രതിരോധ ശേഷി ദുർബലമാകുന്നവർ വൈറസിൽ നിന്ന് സ്വയം രക്ഷനേടാൻ കൂടുതൽ ശ്രദ്ധിക്കണം, “അൽ റാൻഡ് കൂട്ടിച്ചേർത്തു.

വിട്ടുമാറാത്ത രോഗങ്ങളും അമിതവണ്ണവും ഉള്ളവർക്ക് രാജ്യത്ത് ലഭ്യമായ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് പ്രതിരോധ കുത്തിവയ്പ് നൽകാനും അവരുടെ ശരീരത്തെ പ്രതിരോധിക്കാനും അവരുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാനും രോഗപ്രതിരോധ ശേഷി ഉൾപ്പെടെ അവരുടെ ശരീരത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആരോഗ്യകരമായ ഒരു ജീവിതരീതി പിന്തുടരുന്നത് തുടരാനും പ്രചരണം ആവശ്യപ്പെടുന്നതായി ആരോഗ്യ വിദ്യാഭ്യാസ, പ്രമോഷൻ ഡയറക്ടർ ഡോ. ഫാദില മുഹമ്മദ് ഷരീഫ് പറഞ്ഞു.

രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും നിരീക്ഷിക്കാനും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകാനും ബന്ധുക്കളുമായി സുരക്ഷിതമായി സമ്പർക്കം പുലർത്താനും മാസ്കുകളും കയ്യുറകളും ധരിച്ച് വീട് വിടുമ്പോൾ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാനും ആവശ്യമുള്ളപ്പോൾ മെഡിക്കൽ ജീവനക്കാരെ ബന്ധപ്പെടാനും ഡോ. ഫാദില മുഹമ്മദ് ഷരീഫ് പറഞ്ഞു.

COVID-19 പകർച്ചവ്യാധി സമയത്ത് അമിതവണ്ണമുള്ള വ്യക്തികളുടെ ആരോഗ്യസ്ഥിതിക്ക് അപകടസാധ്യത കൂടുതലാണെന്ന് ഡോ. ഫാദില ചൂണ്ടിക്കാട്ടി. അമിതവണ്ണം ദുർബലമായ രോഗപ്രതിരോധ ശേഷിക്ക് കാരണമാവുകയും ശ്വാസകോശ ആരോഗ്യം ദുർബലമാക്കുകയും ശ്വസിക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നതിനാൽ വൈറസ് ബാധമൂലം ആശുപത്രിയിൽ പ്രവേശിക്കാനുള്ള അമിതവണ്ണക്കാരുടെ സാധ്യത വളരെ കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

WAM