ഓഗസ്റ്റ് 15-ന് തന്‍റെ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അവസരത്തിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമാനമായ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.
“78-മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേള ഇന്ത്യ എന്ന രാജ്യത്തിന്റെ ഉജ്ജ്വലമായ വികസന യാത്രയെ അടയാളപ്പെടുത്തുന്നു. ഈ അവസരത്തിൽ എന്റെ സുഹൃത്തും, ഇന്ത്യൻ പ്രധാനമന്ത്രിയുമായ ശ്രീ. നരേന്ദ്ര മോദിയ്ക്കും, ഇന്ത്യൻ ജനതയ്ക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം, ഉഭയകക്ഷി ബന്ധങ്ങൾ, സഹകരണം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് യു എ ഇ എന്നും പ്രതിജ്ഞാബദ്ധരാണ്. “, ഇന്ത്യൻ സ്വാതന്ത്ര്യദിന വേളയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസകൾ അറിയിച്ച് കൊണ്ട് പറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുത്ത് കൊണ്ട് അബുദാബിയിലെ അഡ്‌നോക് ബിൽഡിംഗ് ത്രിവർണ്ണ പതാകയുടെ നിറങ്ങളണിഞ്ഞു.
WAM