ഹോപ്പ് – യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ബാഹ്യാകാശപേടകം ജപ്പാനിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചു

GCC News

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ബാഹ്യാകാശപേടകമായ ഹോപ്പ്, ജപ്പാനിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചതായി ദുബായ് ഭരണാധികാരിയും, യു എ ഇ പ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച്ച ട്വിറ്ററിലൂടെ അറിയിച്ചു.

2020 ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയായ ഹോപ്പ് പേടകത്തിനെ ഒരു സംഘം എമിറാത്തി എൻജിനീയർമാരുടെ 83 മണിക്കൂർ തുടർച്ചയായുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ (Tanegashima Space Centre) എത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ ലോകവ്യാപകമായുള്ള യാത്രാ നിയന്ത്രണങ്ങളുടെയും, ആരോഗ്യ സുരക്ഷാ ആശങ്കകളുടെയും നടുവിലും ഈ നേട്ടത്തിനു കാരണമായ എഞ്ചിനീയർമാരെ അദ്ദേഹം അഭിനന്ദിച്ചു. യു എ ഇയുടെ ചൊവ്വാ ദൗത്യത്തിലെ നാഴികക്കല്ലായ ഈ നിമിഷത്തെ അറബ്, ഇസ്ലാമിക് ലോകത്തെ ചരിത്ര മുഹൂർത്തമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ജൂലായ് 14-നും ഓഗസ്റ് 3-നും ഇടയിലാണ് ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ വിക്ഷേപണം നിലവിൽ നിശ്ചയിച്ചിട്ടുള്ളത്.

ഫോട്ടോ: ദുബായ് മീഡിയ ഓഫീസ്