യു എ ഇ: COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാത്തവർക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി NCEMA

GCC News

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്തവർക്ക് യാത്രാ നിബന്ധനകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് യു എ ഇ ആലോചിക്കുന്നതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി. ഏപ്രിൽ 20, ചൊവ്വാഴ്ച്ച രാത്രി നടന്ന പത്രസമ്മേളനത്തിലാണ് NCEMA ഔദ്യോഗിക വക്താവ് ഡോ. സൈഫ് അൽ ദഹിരി ഇക്കാര്യം അറിയിച്ചത്.

ഇതുവരെയായി COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാത്തവർക്ക് ഏതാനം ഇടങ്ങളിലേക്ക് പ്രവേശനം നിയന്ത്രിക്കാനും, ഏതാനം സേവനമേഖലകളിലേക്ക് പ്രവേശനം ഒഴിവാക്കുന്നതിനെക്കുറിച്ചുമാണ് NCEMA ആലോചിക്കുന്നത്. വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ അവസരം ലഭിച്ചിട്ടും, ഏതാനം ആളുകൾ മനഃപൂർവം കുത്തിവെപ്പുകൾ എടുക്കുന്നതിൽ കാലതാമസം വരുത്തുന്നതും, കുത്തിവെപ്പെടുക്കാതെ ഇരിക്കുന്നതും മുഴുവൻ സമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നതായി NCEMA ചൂണ്ടിക്കാട്ടി. രോഗബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങളുടെ സുരക്ഷയ്ക്ക് ഇത് വലിയ വെല്ലുവിളി ഉയർത്തുന്നതായും NCEMA കൂട്ടിച്ചേർത്തു.

COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് യോഗ്യതയുള്ള 16 വയസ്സിന് മുകളിൽ പ്രായമുള്ളവരെല്ലാം വാക്സിൻ എടുക്കേണ്ടത് സമൂഹ സുരക്ഷയ്ക്ക് വളരെ പ്രധാനമാണെന്ന് ഡോ. സൈഫ് അൽ ദഹിരി വ്യക്തമാക്കി. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളിൽ നിന്ന് പൊതുസമൂഹത്തെ രക്ഷിക്കാൻ ഇത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിട്ടുമാറാത്ത രോഗങ്ങളുള്ളവരോട് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് വിദഗ്‌ദ്ധരിൽ നിന്ന് അഭിപ്രായം തേടാനും അദ്ദേഹം ആവശ്യപ്പെട്ടു.