യു എ ഇയെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം

GCC News

യു എ ഇയെ ലക്ഷ്യമിട്ട് ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സേന തകർത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2022 ജനുവരി 24, തിങ്കളാഴ്ച്ച രാവിലെയാണ് യു എ ഇ പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യോമ പ്രതിരോധ സേന തകർത്ത ബാലിസ്റ്റിക് മിസൈലുകളുടെ ശകലങ്ങൾ യു എ ഇ തലസ്ഥാനമായ അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ വീണതായും എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“ഏത് ഭീഷണികളെയും നേരിടാൻ പൂർണ്ണസജ്ജരാണെന്ന്” മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. “എല്ലാ ആക്രമണങ്ങളിൽ നിന്നും യു എ ഇയെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും”, മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇതുമായി ബന്ധപ്പെട്ട് യു എ ഇയുടെ ഔദ്യോഗിക അധികാരികളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാൻ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

WAM