യു എ ഇ: 2025-2026 അധ്യയന വർഷവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം

UAE

2025-2026 അധ്യയന വർഷവുമായി ബന്ധപ്പെട്ട മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2025 ഓഗസ്റ്റ് 19-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ ഗവണ്മെന്റ് മീഡിയ ഓഫീസുമായി ചേർന്ന് നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

യു എ ഇ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സാറാഹ് അൽ അമീരി, വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് അൽ ഖാസിം, പ്രൊഫഷണൽ ഡവലപ്മെന്റ് സെക്റ്റർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സുലൈമാൻ അൽ കാബി, കരിക്കുലം ആൻഡ് അസ്സസ്മെന്റ് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അംന അൽ സലേഹ് എന്നിവർ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

2025-2026 അധ്യയന വർഷവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ, പദ്ധതികൾ തുടങ്ങിയവ ഈ പത്രസമ്മേളനത്തിൽ മന്ത്രാലയം വ്യക്തമാക്കി. 2025-2026 അധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്റർ അവസാനിച്ച ശേഷമുള്ള കേന്ദ്രീകൃത പരീക്ഷകൾ ഒഴിവാക്കാൻ തീരുമാനിച്ചതായും ഇതിന് പകരം വിദ്യാലയങ്ങളിൽ വെച്ച് നടത്തുന്ന സംഗ്രഹാത്മക വിലയിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കേന്ദ്രീകൃത പരീക്ഷകൾ ഒന്ന്, മൂന്ന് സെമസ്റ്ററുകളിൽ മാത്രമായിരിക്കും.