യു എ ഇ: പൊതു വിദ്യാലയങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

UAE

പൊതു വിദ്യാലയങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2025 ഓഗസ്റ്റ് 23-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2025–2026 അധ്യയന വർഷത്തിൽ രാജ്യത്തെ പൊതു വിദ്യാലയങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിക്കൊണ്ട് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക ഉത്തരവുകളോ, അറിയിപ്പുകളോ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

യു എ ഇയിലെ കിന്റർഗാർട്ടൻ ഉൾപ്പടെ ഒരു ഗ്രേഡുകളിലെയും ഔദ്യോഗിക പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പുകളും പുറത്തിറക്കിയിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. 2025–2026 അധ്യയന വർഷത്തെ പൊതു വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമം മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • കിന്റർഗാർട്ടൻ: തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ; വെള്ളിയാഴ്ചകളിൽ – രാവിലെ 8 മണിമുതൽ രാവിലെ 11:45 വരെ.
  • ഗ്രേഡ് 1 മുതൽ 4 വരെ:
    ഓപ്ഷൻ 1 – തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1:25 വരെ; വെള്ളിയാഴ്ചകളിൽ – രാവിലെ 7:15 മുതൽ രാവിലെ 10:35 വരെ.
    ഓപ്ഷൻ 2 – തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 2:20 വരെ; വെള്ളിയാഴ്ചകളിൽ – രാവിലെ 8:00 മുതൽ രാവിലെ 11:45 വരെ.
  • ഗ്രേഡ് 5 മുതൽ 12 വരെ:
    ആൺകുട്ടികൾക്ക് – തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 7:15 മുതൽ ഉച്ചയ്ക്ക് 2:15 വരെ; വെള്ളിയാഴ്ചകളിൽ – രാവിലെ 7:15 മുതൽ രാവിലെ 10:35 വരെ.
    പെൺകുട്ടികൾക്ക് – തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 8 മണിമുതൽ വൈകീട്ട് 3:15 വരെ; വെള്ളിയാഴ്ചകളിൽ – രാവിലെ 8:00 മുതൽ രാവിലെ 11:45 വരെ.