യു എ ഇ: കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷ ഉയർത്തുന്നതിനായി MOHRE ഉത്തരവ് പുറത്തിറക്കി

GCC News

രാജ്യത്തെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഒരു ഉത്തരവ് പുറത്തിറക്കി. 2022 ഫെബ്രുവരി 16-ന് വൈകീട്ടാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

തൊഴില്‍പരമായ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനൊപ്പം തൊഴിലാളികൾക്ക് മികച്ച താമസസൗകര്യങ്ങൾ ഒരുക്കുന്നത് ഉറപ്പാക്കുന്നതിനും ഈ ഉത്തരവിലൂടെ MOHRE ലക്ഷ്യമിടുന്നു. ഈ ഉത്തരവ് പ്രകാരം, പ്രതിമാസം 1500 ദിർഹത്തിൽ താഴെ വേതനം നേടുന്ന അമ്പതിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന രാജ്യത്തെ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് താമസ സൗകര്യം നൽകേണ്ടതാണ്.

ഇതിന് പുറമെ താഴെ പറയുന്ന കാര്യങ്ങളും ഈ ഉത്തരവിന്റെ ഭാഗമായി MOHRE വ്യക്തമാക്കിയിട്ടുണ്ട്:

  • കെട്ടിടനിർമ്മാണം, വ്യവസായം തുടങ്ങിയ മേഖലകളിൽ ഓരോ വർഷവും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ തൊഴിലാളികളെ പുറം തൊഴിൽ ഇടങ്ങളിലും, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഇടങ്ങളിലും തൊഴിലെടുപ്പിക്കരുത്.
  • നൂറിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ഒരു ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസറുടെ സേവനം ഉറപ്പ് വരുത്തേണ്ടതാണ്. തൊഴിലിടങ്ങളിലെ വിവിധ അപകടസാധ്യതകളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് ഈ നടപടി.
  • അപകടങ്ങൾ ഒഴിവാക്കുന്നതിനായി തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ, തൊഴിലിന് അനുയോജ്യമായ വസ്ത്രങ്ങൾ എന്നിവ നൽകേണ്ടതാണ്.
  • തൊഴിലുടമ നൽകുന്ന സുരക്ഷാ ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കാൻ തൊഴിലാളികൾ ബാധ്യസ്ഥരാണ്.
  • നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ തീ അണയ്ക്കുന്നതിനുള്ള ഉപകരണങ്ങൾ, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ ഉറപ്പ് വരുത്തേണ്ടതാണ്. ഫസ്റ്റ് എയ്ഡ് നൽകുന്നതിൽ വിദഗ്‌ദ്ധനായ ഒരു വ്യക്തിയുടെ സഹായം ഉറപ്പ് വരുത്തേണ്ടതാണ്.
  • പൊട്ടിത്തെറിക്കാൻ ഇടയുള്ള വസ്തുക്കൾ, പെട്ടന്ന് കത്താൻ ഇടയുള്ള വസ്തുക്കൾ, മൂർച്ചയേറിയ വസ്തുക്കൾ, ഇലക്ട്രിക്ക് വയറിങ്ങ് തുടങ്ങിയവ മൂലം തൊഴിലിടങ്ങളിൽ ഉണ്ടാകാനിടയുള്ള അപകടങ്ങൾ, മുറിവുകൾ, അസുഖങ്ങൾ എന്നിവയിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനായുള്ള മുഴുവൻ നടപടികളും തൊഴിലുടമകൾ ഉറപ്പ് വരുത്തേണ്ടതാണ്.
  • തൊഴിലുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് തൊഴിലാളികൾക്ക് മുൻകൂട്ടി ബോധവത്കരണം നൽകേണ്ടതാണ്.

Cover Image: WAM.