യു എ ഇ: ഗോൾഡൻ റെസിഡൻസി ഉടമകൾക്കുള്ള വർക്ക് പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി

UAE

ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു. ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്ന കാബിനറ്റ് പ്രമേയം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

താഴെ പറയുന്ന മൂന്ന് സാഹചര്യങ്ങളിൽ ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് വർക്ക് പെർമിറ്റ് ആവശ്യമാണ്:

  • ഗോൾഡൻ റെസിഡൻസി ലഭിച്ച അവസരത്തിൽ തൊഴിൽരഹിതരായിരുന്നവർ, ഒരു പ്രത്യേക തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ.
  • പുതിയ ഒരു തൊഴിലുടമയ്ക്ക് കീഴിൽ ജോലിചെയ്യാൻ ആഗ്രഹിക്കുന്ന ഗോൾഡൻ റെസിഡൻസി ഉടമകൾക്ക്.
  • നിലവിലുള്ള തൊഴിലുടമ ഗോൾഡൻ റെസിഡൻസി ഉടമയുടെ വർക്ക് പെർമിറ്റും കരാറും പുതുക്കാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ.

ഗോൾഡൻ റെസിഡൻസി ഉടമകൾ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്ന അവസരത്തിൽ, രാജ്യത്തെ ജോലി പെർമിറ്റുകളും കരാറുകളും നൽകുന്നതുമായി ബന്ധപ്പെട്ട അതേ നിയമങ്ങളും, നടപടിക്രമങ്ങളും മാതാപിതാക്കളുടെ റെസിഡൻസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആശ്രിതർക്കും ബാധകമാണ്. ഗോൾഡൻ റെസിഡൻസി ലഭിക്കുന്ന തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള വർക്ക് പെർമിറ്റുകളും കരാറുകളും സാധുവായി തുടരും, ഒപ്പം ബാധകമായ എല്ലാ യുഎഇ നിയമങ്ങൾക്കും വിധേയമായിരിക്കും.

രാജ്യത്തിന് പുറത്തുള്ളവർക്ക് വർക്ക് പെർമിറ്റിനായി നിശ്ചയിച്ചിട്ടുള്ളതും ബാധകമായതുമായ ഫീസ്, അതുപോലെ തന്നെ വർക്ക് പെർമിറ്റുകളും കരാറുകളും പുതുക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള ഫീസ് എന്നിവയും ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് ബാധകമാകുന്നതാണ്.

WAM