രാജ്യത്തെ പൊതു മേഖലയിലെ ആഴ്ച്ച തോറുമുള്ള പ്രവർത്തിദിനങ്ങൾ സംബന്ധിച്ച് വരുത്തുന്ന പുതിയ തീരുമാനം പ്രയോജനപ്പെടുത്തുന്ന തരത്തിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ യു എ ഇയിലെ സ്വകാര്യ സ്ഥാപനങ്ങളോട് യു എ ഇ അധികൃതർ ആഹ്വാനം ചെയ്തു. യു എ ഇ ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റയിസേഷൻ വകുപ്പ് (MOHRE) മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അബ്ദുൽ മനാൻ അൽ അവാറാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് ഇത്തരത്തിൽ ആഹ്വാനം ചെയ്തത്.
യു എ ഇയിലെ പൊതു മേഖലയിലെ പ്രവർത്തനരീതി ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതിയിലേക്ക് മാറ്റാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഫെഡറൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ നടപ്പിലാക്കുന്നതിനും, വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷവും, ശനി, ഞായർ എന്നീ ദിവസങ്ങളും അവധി നൽകുന്നതിനും തീരുമാനിച്ചതായി യു എ ഇ സർക്കാർ ഡിസംബർ 7-ന് അറിയിച്ചിരുന്നു.
ഈ തീരുമാന പ്രകാരം പൊതുമേഖലയിൽ നടപ്പിലാക്കുന്ന പ്രവർത്തിദിനങ്ങൾക്കനുസൃതമായി തങ്ങളുടെ ആഭ്യന്തര പ്രവർത്തിസമയങ്ങൾ പുനഃക്രമീകരിക്കാൻ ശ്രമിക്കാൻ അദ്ദേഹം യു എ ഇയിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനമേഖലകൾക്കനുസരിച്ച് തങ്ങളുടെ പ്രവർത്തനസമയക്രമം പൊതുമേഖലയിൽ പ്രാബല്യത്തിൽ വരുന്ന പുതിയ സമയക്രമപ്രകാരം പുതുക്കി നിശ്ചയിക്കാൻ ശ്രമിക്കുന്നതിനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.
ജീവനക്കാരുടെ ഇടയിൽ ഉത്പാദനക്ഷമത ഉയർത്തുന്നതിനും, ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ, ജീവിതം എന്നിവ കൂടുതൽ സംതുലിതമായി നിറവേറ്റുന്നതിന് സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് പൊതുമേഖലയിൽ ഇത്തരം ഒരു തീരുമാനം നടപ്പിലാക്കുന്നത്. 2022 ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന സ്വകാര്യ മേഖലയിലെ പുതിയ തൊഴിൽ നിയമപ്രകാരം, ജീവനക്കാർക്ക് ആഴ്ച്ച തോറും ഒരു ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിദിവസത്തിന് അർഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.