യു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സെപ്റ്റംബറോടെ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ പരിശോധിച്ച് വരികയാണ്. ഈ സാധ്യതകൾ നടപ്പിലാക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടുകളും, പദ്ധതികളും എഡ്യൂക്കേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സ്സ് കൗൺസിലിൽ ചർച്ച ചെയ്തു. കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾക്ക് വിധേയമായി, രാജ്യത്തെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബറോടെ തുറക്കുന്നതിന്റെ വിവിധ വശങ്ങൾ ഈ യോഗത്തിൽ ചർച്ചചെയ്യപ്പെട്ടു.
H.H ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായ ഈ ചർച്ചയിൽ, വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി രാജ്യത്തെ പൊതു വിദ്യാലയങ്ങൾ, സ്വകാര്യ വിദ്യാലയങ്ങൾ, യൂണിവേഴ്സിറ്റികൾ മുതലായ സ്ഥാപനങ്ങളിൽ നടപ്പിലാക്കേണ്ട വിവിധ ആരോഗ്യ സുരക്ഷാ നടപടികളെക്കുറിച്ചും വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും അറിയിച്ചു. വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും, വിദ്യാലയത്തിലെ ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നതിനായി, രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾക്കനുസരിച്ചുള്ള മാനദണ്ഡങ്ങൾ വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് തയ്യാറാക്കുന്നതാണ്.
ഇതിനായി ആരോഗ്യ മന്ത്രാലയം, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA), ലോകാരോഗ്യ സംഘടന എന്നിവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിദ്യാലയങ്ങൾ അണുവിമുക്തമാക്കുകയും, വിദ്യാർത്ഥികളുടെ യാത്രാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്നതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.