യു എ ഇ: ഡിസംബർ 17 മുതൽ റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് NCEMA

UAE

2021 ഡിസംബർ 17 മുതൽ റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ നിന്ന് യു എ ഇയിലേക്കുള്ള എല്ലാ വിമാനസർവീസുകൾക്കും വിലക്കേർപ്പെടുത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ഡിസംബർ 15-ന് രാത്രിയാണ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്ന് NCEMA ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാനം 2021 ഡിസംബർ 17-ന് രാവിലെ 8 മണിമുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ട്രാൻസിറ്റ് യാത്രികർക്കും ഈ വിലക്ക് ബാധകമാണ്.

യു എ ഇയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 14 ദിവസത്തിനിടയിൽ കോംഗോ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്. യു എ ഇയിൽ നിന്ന് കോംഗോയിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

യു എ ഇ പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, അവരുടെ സ്പോൺസർഷിപ്പിലുള്ള ഗാർഹിക ജീവനക്കാർ, നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ റെസിഡൻസി വിസകളിലുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല. ഇത്തരം വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് സർട്ടിഫിക്കറ്റ്, യാത്രപുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ നിന്ന് നടത്തിയ റാപ്പിഡ് PCR റിസൾട്ട് എന്നിവ ഉപയോഗിച്ച് യു എ ഇയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇവർക്ക് യു എ ഇയിലേക്ക് പ്രവേശിച്ച ഉടനെ ഒരു PCR ടെസ്റ്റ് നടത്തുന്നതാണ്. ഇവർക്ക് 10 ദിവസത്തെ ക്വാറന്റീൻ, ഒമ്പതാം ദിനത്തിൽ PCR ടെസ്റ്റ് എന്നിവ നിർബന്ധമാണ്.

കോംഗോയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം യു എ ഇയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നതാണ്. ഇതിന് പുറമെ നൈജീരിയ, കെനിയ, റുവാണ്ട, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളിൽ യു എ ഇയിലേക്ക് പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന നിബന്ധനകൾ ഏർപ്പെടുത്തുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്:

  • ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് (ട്രാൻസിറ്റ് യാത്രികർ ഉൾപ്പടെ) 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് (ട്രാൻസിറ്റ് യാത്രികർ ഉൾപ്പടെ) യാത്രപുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ നിന്ന് നടത്തിയ റാപ്പിഡ് PCR റിസൾട്ട് നിർബന്ധമാണ്.
  • ഈ രാജ്യങ്ങളിൽ നിന്ന് ട്രാൻസിറ്റ് യാത്രികരായി യു എ ഇയിലേക്ക് പ്രവേശിക്കുന്നവർക്ക് ട്രാൻസിറ്റ് ചെയ്യുന്ന വിമാനത്താവളത്തിൽ നിന്ന് നടത്തിയ റാപ്പിഡ് PCR റിസൾട്ട് നിർബന്ധമാണ്.