യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏപ്രിൽ 25 മുതൽ വിലക്കേർപ്പെടുത്തുന്നത് സംബന്ധിച്ച് NCEMA സ്ഥിരീകരണം നൽകി

UAE

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള മുഴുവൻ വിമാനങ്ങൾക്കും താത്കാലിക പ്രവേശന വിലക്കേർപ്പെടുത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അതോറിറ്റി (NCEMA) സ്ഥിരീകരിച്ചു. ഏപ്രിൽ 22-ന് വൈകീട്ടാണ് NCEMA ഇക്കാര്യം സ്ഥിരീകരിച്ചത്. യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് യു എ ഇ താത്കാലിക പ്രവേശന വിലക്കേർപ്പെടുത്തിയതായി വിമാനകമ്പനികളിലെ സ്രോതസുകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 25 മുതൽ പത്ത് ദിവസത്തേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രികരെ യു എ ഇ വിലക്കിയതായി അറിയിച്ച് കൊണ്ട് വിമാനകമ്പനികളിൽ നിന്ന് വിവിധ ട്രാവൽ ഏജൻസികൾക്ക് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇന്ന് വൈകീട്ട് യു എ ഇ NCEMA ഔദ്യോഗിക സ്ഥിരീകരണം നൽകി.

ഈ വിലക്ക് 2021 ഏപ്രിൽ 24-ന് രാത്രി 11.59 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. പത്ത് ദിവസത്തിന് ശേഷം ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും, ആവശ്യമെങ്കിൽ വിലക്കിന്റെ കാലാവധി നീട്ടുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് പുറമെ, കഴിഞ്ഞ 14 ദിവസങ്ങൾക്കിടെ ഇന്ത്യയിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്.

മറ്റു രാജ്യങ്ങളിലൂടെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് സഞ്ചരിക്കുന്നവർക്ക്, മറ്റു രാജ്യങ്ങളിൽ ചുരുങ്ങിയത് 14 ദിവസം താമസിച്ച ശേഷം മാത്രമാണ് യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇന്ത്യയിലേക്ക് യു എ ഇയിലൂടെ സഞ്ചരിക്കുന്ന ട്രാൻസിറ്റ് വിമാനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല.

യു എ ഇ പൗരന്മാർ, ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർ, പ്രത്യേക അനുമതിയുള്ള ഔദ്യോഗിക സന്ദർശകർ, ഗോൾഡൻ വിസകളിലുള്ളവർ, ബിസിനസ് ഫ്ലൈറ്റുകൾ എന്നിവയ്ക്ക് ഈ വിലക്ക് ബാധകമല്ല. ഇവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണെന്നും, രാജ്യത്തേക്ക് പ്രവേശിച്ച ശേഷം വിമാനത്താവളത്തിൽവെച്ച് PCR ടെസ്റ്റ്, 10 ദിവസത്തെ ക്വാറന്റീൻ എന്നിവ ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.