യു എ ഇ: അൽ ഹൊസൻ ഗ്രീൻ പാസ് സാധുത 14 ദിവസമാക്കി കുറച്ചതായി NCEMA; COVID-19 മുൻകരുതൽ നടപടികൾ ശക്തമാക്കാൻ നിർദ്ദേശം

GCC News

രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അൽ ഹൊസൻ ഗ്രീൻ പാസിന്റെ സാധുത 2022 ജൂൺ 15 മുതൽ 14 ദിവസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2022 ജൂൺ 13, തിങ്കളാഴ്ച രാത്രിയാണ് NCEMA ഇക്കാര്യം അറിയിച്ചത്.

ഗ്രീൻ പാസ് സാധുത നിലവിലെ 30 ദിവസം എന്നതിൽ നിന്ന് 14 ദിവസമാക്കി കുറയ്ക്കുന്നതിനാണ് NCEMA തീരുമാനിച്ചിരിക്കുന്നത്. യു എ ഇയിൽ കഴിഞ്ഞ ഏതാനം ദിവസങ്ങളായി COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് അൽ ഹൊസൻ ഗ്രീൻ പാസ് ഉപയോഗപ്പെടുത്തിയുള്ള മുൻകരുതൽ ശക്തമാക്കുന്നതിനും, ഇതിന്റെ കാലാവധി കുറയ്ക്കുന്നതിനും NCEMA തീരുമാനിച്ചിരിക്കുന്നത്.

ഗ്രീൻ പാസുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ഈ ഭേദഗതി രാജ്യത്തെ മുഴുവൻ തൊഴിൽ മേഖലകളിലെയും ജീവനക്കാർക്ക് 2022 ജൂൺ 15 മുതൽ ബാധകമാണ്. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, മറ്റു ഏതാനം പൊതു വേദികൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് യു എ ഇ ഗ്രീൻ പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രീൻ പാസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ നടപടിക്രമങ്ങൾ കർശനമാക്കാൻ ജൂൺ 13-ന് NCEMA വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആഗോളതലത്തിലും, യു എ ഇയിലും കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി കൊറോണ വൈറസ് രോഗവ്യാപനം ഉയരുന്ന സാഹചര്യം അധികൃതർ തുടർച്ചയായി നിരീക്ഷിച്ച് വരുന്നതായും, ഇത് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായും NCEMA ഔദ്യോഗിക വക്താവ് ഡോ. താഹിർ അൽ ആംരി വ്യക്തമാക്കി. പൊതുജനങ്ങൾക്കിടയിൽ ആരോഗ്യ സുരക്ഷാ നടപടികളിലെ വീഴ്ച്ചകൾ വ്യാപകമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തി ഇത്തരം പ്രവണതകൾ ഒഴിവാക്കേണ്ടതാണെന്നും, മാസ്കുകൾ ഉൾപ്പടെയുള്ള മുൻകരുതൽ നടപടികൾ തുടരാൻ ജനങ്ങൾ ശ്രമിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ഔട്ട്ഡോർ പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെങ്കിലും, യു എ ഇയിലെ ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ള തീരുമാനം തുടരുന്നതായി അദ്ദേഹം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പബ്ലിക് പ്രോസിക്യൂഷന്റെ തീരുമാന പ്രകാരം 3000 ദിർഹം പിഴ ചുമത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തരവാദിത്വത്തോടെയല്ലാത്ത പെരുമാറ്റങ്ങളിലൂടെ രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്ന വ്യക്തികൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

WAM