രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുള്ളവർ എത്രയും വേഗം ഇത് സ്വീകരിക്കാൻ യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു. നവംബർ 9-നാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അടുത്ത് തന്നെ വിദേശത്തേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവർ ബൂസ്റ്റർ ഡോസ് നിർബന്ധമായും സ്വീകരിക്കണമെന്ന് NCEMA അറിയിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ കൊറോണ വൈറസ് സാഹചര്യം അധികൃതർ തുടർച്ചയായി വിലയിരുത്തുന്നതായും NCEMA കൂട്ടിച്ചേർത്തു.
രാജ്യത്തെ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും NCEMA ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നിബന്ധനകളിൽ മാറ്റം വരുത്തിയതായി NCEMA നവംബർ 9-ന് വ്യക്തമാക്കിയിരുന്നു.