യു എ ഇ ‘പതാക ദിനം’ ആചരിക്കുന്നതിന്റെ ഭാഗമായി, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ 2022 നവംബർ 3-ന് ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പരമോന്നത കൗൺസിൽ അംഗങ്ങൾ, എമിറേറ്റ്സ് ഭരണാധികാരികൾ, കിരീടാവകാശികൾ എന്നിവർക്കും യു എ ഇയിലെ എല്ലാ പൗരന്മാർക്കും, നിവാസികൾക്കും മൻസൂർ ബിൻ സായിദ് ആശംസകൾ നേർന്നു.
“ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ നേതൃത്വത്തിന്റെയും ദർശനത്തിന്റെയും ജ്ഞാനത്തിന്റെയും കരുത്തിലും, രാജ്യത്തിന്റെ നേതൃത്വത്തിന് പിന്നിൽ അണിനിരക്കുന്ന യു എ ഇ ജനതയുടെ പരിശ്രമത്തിന്റെ കരുത്തിലും യു എ ഇ പതാക മഹത്വത്തിന്റെയും പരമാധികാരത്തിന്റെയും ആകാശത്ത് പാറുന്നത് തുടരുകയും, യു എ ഇ എക്കാലവും ബഹുമാനത്തിന്റെ കോട്ടയായും, അന്തസ്സുള്ള ഭവനമായും, അഭിമാനത്തിന്റെയും, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മരുപ്പച്ചയായും നിലനിൽക്കുന്നത് തുടരുകയും ചെയ്യുന്നതാണ്.”, അദ്ദേഹം ഈ അവസരത്തിൽ പറഞ്ഞു.
“പതാക ദിനത്തിൽ, രാഷ്ട്രത്തിന്റെ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെയും, ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെയും, നമ്മുടെ രാഷ്ട്രത്തിന് വഴിതെളിച്ച അവരുടെ മഹത്തായ പരിശ്രമങ്ങളും ത്യാഗങ്ങളും അനുസ്മരിച്ചുകൊണ്ട് യു എ ഇ പതാകയ്ക്ക് കീഴിലുള്ള ഞങ്ങളുടെ നേതൃത്വത്തിന്റെ ഐക്യം ഞങ്ങൾ ഓർക്കുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡൻഷ്യൽ കോർട്ട് പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് സെക്രട്ടറി ജനറൽ അഹമ്മദ് മുഹമ്മദ് അൽ ഹമീരി, യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അഹമ്മദ് ജുമാ അൽ സാബി എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.
“ദേശീയ പതാക ഉയർത്തുന്നതിനായി ഒറ്റക്കെട്ടായി യു എ ഇയിലെ എല്ലാ ജനങ്ങളും ഒത്ത് ചേരുന്ന ഈ അവസരത്തിൽ, നമ്മൾ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ ഓർമ്മിക്കുന്നു; നമ്മുടെ ഭാവിയെക്കുറിച്ച് നമ്മൾക്ക് ശുഭാപ്തിവിശ്വാസമുണ്ട്. പൊതുവായ ദേശീയ അഭിമാനം, തുടർച്ചയായ പുരോഗതിയിലേക്ക് നയിക്കാൻ പ്രാപ്തരാണ് നമ്മുടെ വരും തലമുറ എന്ന ഉറച്ച വിശ്വാസം എന്നിവയാണ് യു എ ഇ ജനതയെ കൂട്ടിച്ചേർക്കുന്നത്.”, പതാക ദിനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
“നമ്മുടെ ഭാവിയെ പ്രതിനിധീകരിക്കുന്ന ഒരു കൂട്ടം എമിറാത്തികൾക്കൊപ്പം നാം ഇന്ന് ദേശീയ പതാക ഉയർത്തി. ഇന്ന് നാം വിശ്വസ്‌തതയുടെ മൂല്യങ്ങൾ കൂട്ടിച്ചേര്‍ക്കുന്നു. സ്വാതന്ത്യത്തിന്റെയും, അഭിമാനത്തിന്റെയും പ്രതീകത്തെ ഇന്ന് നമ്മൾ ആഘോഷിക്കുന്നു.”, H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ വേളയിൽ അറിയിച്ചു.
അബുദാബി എക്സിക്യൂട്ടീവ് ഓഫീസിൽ നടന്ന ചടങ്ങിൽ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് യു എ ഇ ദേശീയ പതാക ഉയർത്തി. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.
WAM