മറ്റുള്ളവർക്ക് പരിക്കേൽക്കാനിടയാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് രാജ്യത്ത് ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. മറ്റുള്ളവരെ പരിക്കേൽപ്പിക്കുന്നവർക്കുള്ള ശിക്ഷകൾ വിശദീകരിച്ച് കൊണ്ട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഒരു ഹ്രസ്വചിത്രം പങ്ക് വെച്ചിട്ടുണ്ട്.
“സ്വന്തം തെറ്റ് മൂലം മറ്റൊരാളുടെ ശരീരത്തിന് പരിക്കേൽക്കുന്നതിനിടയാക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വർഷത്തിൽ കൂടാത്ത കാലയളവിലുള്ള തടവുശിക്ഷയും 10,000 ദിർഹത്തിൽ കൂടാത്ത പിഴയും അല്ലെങ്കിൽ ഇവയിലൊന്നും ശിക്ഷയായി ലഭിക്കുന്നതാണ്. സംഭവസമയത്ത് കുറ്റവാളി മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിലായിരുന്നുവെങ്കിൽ, അല്ലെങ്കിൽ ഇരയെ സഹായിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയോ അല്ലെങ്കിൽ കഴിവുണ്ടെങ്കിലും സഹായത്തിനായി മറ്റുള്ളവരെ വിളിക്കുകയോ ചെയ്യുന്നില്ലെങ്കിൽ രണ്ട് വർഷം വരെ തടവും പിഴയും ചുമത്തുന്നതാണ്.”, രാജ്യത്തെ ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ (343) അനുശാസിക്കുന്ന നടപടിക്രമങ്ങൾ ചൂണ്ടികാട്ടിക്കൊണ്ട് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ഇത്തരം കുറ്റകൃത്യങ്ങൾ മൂന്നിൽ കൂടുതൽ ആളുകളുടെ സുരക്ഷയെ ബാധിക്കുന്നുവെങ്കിൽ, തടവും പിഴയും ഒരുമിച്ച് ചുമത്തുന്നതാണ്; മുൻ ഖണ്ഡികയിൽ പരാമർശിച്ച ഏതെങ്കിലും സാഹചര്യമുണ്ടായാൽ, ശിക്ഷ ആറുമാസത്തിൽ കുറയാത്തതും അഞ്ച് വർഷത്തിൽ കൂടാത്തതുമായ തടവും പിഴയും ആയിരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു.
WAM