മറ്റുള്ള വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനായി ദൃശ്യങ്ങളിൽ മാറ്റം വരുത്തുന്നവർക്ക് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2022 ഒക്ടോബർ 27-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇക്കാര്യം വ്യക്തമാകുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ സമൂഹ മാധ്യങ്ങളിലൂടെ ഒരു ഹ്രസ്വചിത്രം പങ്ക് വെച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികൾ ഇതിലൂടെ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയുന്നതിനും, ഊഹാപോഹങ്ങൾ തടയുന്നതിനുമുള്ള ഫെഡറൽ നിയമം ‘2021/ 34’-ലെ ആർട്ടിക്കിൾ 44 പ്രകാരം അപകീർത്തിപ്പെടുത്തുന്നതിനായി മറ്റു വ്യക്തികളുടെ ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷം തടവും, രണ്ടര ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഇലക്ട്രോണിക് സാങ്കേതികവിദ്യകൾ, മറ്റു സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ട്, അപകീർത്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട്, മറ്റു വ്യക്തികളുടെ ഫോട്ടോ, ദൃശ്യങ്ങൾ, വീഡിയോ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നവർക്കെതിരെ ഈ നിയമപ്രകാരം നടപടികൾ കൈക്കൊള്ളുന്നതാണ്.
സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.