കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

UAE

പ്രായപൂർത്തിയാകാത്തവരുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കും, ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിലൂടെയും മറ്റും സമാഹരിക്കുന്നവർക്കുമെതിരെ കനത്ത ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും, കിംവദന്തികൾ പടരുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുള്ള 2021-ലെ ഫെഡറൽ-ഉത്തരവ് നിയമം 34-ലെ ആർട്ടിക്കിൾ (34) പ്രകാരമാണ് ഇത്തരം ദൃശ്യങ്ങൾ (സാമൂഹിക സദാചാര ബോധങ്ങൾക്കെതിരെ നിൽക്കുന്ന എല്ലാത്തരം ദൃശങ്ങൾ, സന്ദേശങ്ങൾ എന്നിവയ്ക്കും ബാധകം) പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നത്.

“ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രണ്ടര ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്താവുന്നതാണ്. പ്രായപൂർത്തിയാകാത്തവരുടെ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷം തടവും, അഞ്ച് ലക്ഷം ദിർഹം പിഴയും ചുമത്തുന്നതാണ്.”, ഇത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വ്യക്തമാക്കുന്നു.