യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ: കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്ക് ഒരു ദശലക്ഷം ദിർഹം വരെ പിഴ ചുമത്തും

UAE

രാജ്യത്ത് പ്രായപൂർത്തിയാകാത്തവരുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വെക്കുന്നതിനും, ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിലൂടെയും മറ്റും സമാഹരിക്കുന്നതിനും, വാങ്ങുന്നതിനും ചുമത്താവുന്ന ശിക്ഷാ നടപടികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. 2021 ഓഗസ്റ്റ് 2-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള 2012-ലെ ഫെഡറൽ-ഉത്തരവ് നിയമം 5-ലെ ആർട്ടിക്കിൾ (18) പ്രകാരം, ഇലക്ട്രോണിക് ഇൻഫർമേഷൻ സിസ്റ്റം അല്ലെങ്കിൽ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് അല്ലെങ്കിൽ ഇലക്ട്രോണിക് വെബ്‌സൈറ്റ് അല്ലെങ്കിൽ ഏതെങ്കിലും വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്തവരുടെ അശ്ലീലപരമായ ദൃശ്യങ്ങൾ ആരെങ്കിലും മനഃപൂർവ്വം ലഭ്യമാക്കിയാൽ, കുറഞ്ഞത് ആറുമാസം തടവും, 150,000 ദിർഹത്തിൽ കുറയാത്തതും, ഒരു ദശലക്ഷം ദിർഹത്തിൽ കൂടാത്തതുമായ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ് എന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ലൈംഗിക വികാരം ഉണർത്തുന്ന ഏതെങ്കിലും ഫോട്ടോഗ്രാഫുകൾ, റെക്കോർഡിംഗുകൾ, ഡ്രോയിംഗുകൾ മറ്റുള്ളവ, അല്ലെങ്കിൽ പതിനെട്ട് വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരുമായുള്ള ഏതെങ്കിലും യഥാർത്ഥ, വെർച്വൽ അല്ലെങ്കിൽ കൃത്രിമ ലൈംഗിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്.

നിയമപരമായ സംസ്കാരവും പൊതുജനങ്ങളിൽ അവബോധവും ഉയർത്തുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ഈ അറിയിപ്പ്.

WAM