യു എ ഇ: സംഘടിത ഭിക്ഷാടനം ആറ് മാസം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

GCC News

രാജ്യത്ത് സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സംഘടിത ഭിക്ഷാടന കുറ്റകൃത്യത്തിനുള്ള ശിക്ഷകൾ വിശദമാക്കിക്കൊണ്ട് ഫെബ്രുവരി 23-ന് പബ്ലിക് പ്രോസിക്യൂഷൻ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്.

2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ലെ ആർട്ടിക്കിൾ 476 പ്രകാരം, രണ്ടോ, അതിലധികമോ ആളുകൾ സംഘം ചേർന്ന് നടത്തുന്ന ഭിക്ഷാടനം കുറ്റകൃത്യമാണെന്നും, ഈ സംഘടിത കുറ്റകൃത്യം കൈകാര്യം ചെയ്യുന്നയാൾക്ക് ഏറ്റവും കുറഞ്ഞത് ആറ് മാസത്തെ തടവ് ശിക്ഷയും, കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഭിക്ഷാടനത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുന്നവർക്കും, ഇതിനായി വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ആളുകളെ കൊണ്ട് വരുന്നവർക്കും ഇതേ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. പൊതുസമൂഹത്തിലെ അംഗങ്ങൾക്കിടയിൽ നിയമ സംസ്കാരം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമനിർമ്മാണങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ അറിയിപ്പ്.

WAM