യു എ ഇ: വ്യാജ ഇലക്‌ട്രോണിക് രേഖകൾ സൃഷ്ടിക്കുന്നതിനുള്ള ശിക്ഷകൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

GCC News

രാജ്യത്ത് ഇലക്ട്രോണിക് രേഖകളിൽ കൃത്രിമം കാണിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. 2022 ഫെബ്രുവരി 15-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 34-ന്റെ ആർട്ടിക്കിൾ 14 അനുസരിച്ച്, “ഫെഡറൽ അല്ലെങ്കിൽ പ്രാദേശിക ഗവൺമെന്റിന്റെയോ, ഫെഡറൽ അല്ലെങ്കിൽ പ്രാദേശിക പൊതു അധികാരികളുടെയോ സ്ഥാപനങ്ങളുടെയോ ഏതെങ്കിലും ഇലക്ട്രോണിക് രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്ക്”, തടവും, ഒന്നര ലക്ഷം ദിർഹം മുതൽ ഏഴര ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

മുകളിൽ പ്രസ്താവിച്ചിട്ടില്ലാത്ത മറ്റേതെങ്കിലും സ്ഥാപനത്തിന്റെ രേഖകളിൽ കൃത്രിമം കാണിക്കുന്ന സാഹചര്യത്തിൽ, തടവും കൂടാതെ/അല്ലെങ്കിൽ ഒരു ലക്ഷത്തിനും, മൂന്ന് ലക്ഷത്തിനും ഇടയിലുള്ള പിഴയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, “ആരെങ്കിലും അറിഞ്ഞുകൊണ്ട് തെറ്റായ ഇലക്ട്രോണിക് ഡോക്യുമെന്‍റ് ഉപയോഗിച്ചാൽ”, വ്യാജവൽക്കരണ കുറ്റത്തിന് നിർദ്ദേശിച്ചിരിക്കുന്ന പിഴ നൽകി ശിക്ഷിക്കപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

പൊതുജനങ്ങൾക്കിടയിൽ നിയമ സംസ്കാരം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമനിർമ്മാണങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ അറിയിപ്പ്.

WAM