റോഡുകൾ ഉൾപ്പടെയുള്ള പൊതുഇടങ്ങളിൽ സ്ത്രീകളെ അധിക്ഷേപിക്കുകയോ, കൈയേറ്റം ചെയ്യുകയോ ചെയ്യുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായുള്ള ഒരു സന്ദേശം 2022 മാർച്ച് 5-ന് പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിലൂടെ പങ്ക് വെച്ചിട്ടുണ്ട്.
ആളുകൾ ഒത്ത് ചേരാനിടയുള്ള ഇടങ്ങളിൽ വെച്ച് സ്ത്രീകളെ വാക്കുകളാലോ, പ്രവർത്തിയാലോ അധിക്ഷേപിക്കുന്നവർക്കെതിരെ കൈക്കൊള്ളുന്ന ശിക്ഷാ നടപടികൾ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ‘2021/ 31’ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 412 അനുസരിച്ച് പൊതുഇടങ്ങൾ, പൊതു റോഡുകൾ മുതലായ ഇടങ്ങളിൽ സ്ത്രീകളെ വാക്കുകളാലോ, പ്രവർത്തിയാലോ അപമാനിക്കുന്നതും, അപകീർത്തിപ്പെടുത്തുന്നതും, അധിക്ഷേപിക്കുന്നതും, കൈയേറ്റം ചെയ്യുന്നതും ഒരു വർഷം വരെ തടവും, പതിനായിരം ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്ക് മാത്രം പ്രവേശനം നിയന്ത്രിച്ചിട്ടുള്ള ഇടങ്ങളിലേക്ക് സ്ത്രീ വേഷം ധരിച്ച് കൊണ്ട് അതിക്രമിച്ച് കടക്കുന്ന പുരുഷന്മാർക്കും ഈ നിയമം ബാധകമാണ്.