2022 മെയ് 13 മുതൽ ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ കയറ്റുമതിക്കും, പുനർ കയറ്റുമതിക്കും നാല് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഫ്രീ സോണുകൾ ഉൾപ്പെടെയുള്ള മേഖലകൾക്ക് ഈ നിരോധനം ബാധകമാക്കിക്കൊണ്ട് ‘2022/ 72’ എന്ന ഒരു കാബിനറ്റ് പ്രമേയം യു എ ഇ സാമ്പത്തിക മന്ത്രാലയം ജൂൺ 15-ന് പുറത്തിറക്കിയിട്ടുണ്ട്.
ഈ തീരുമാനം എല്ലാ ഗോതമ്പ് ഇനങ്ങൾക്കും (ഹാർഡ്, ഓർഡിനറി, സോഫ്റ്റ് ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവ ഉൾപ്പടെ) ബാധകമാണെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗോതമ്പിന്റെ വ്യാപാര പ്രവാഹത്തെ ബാധിച്ച അന്താരാഷ്ട്ര സംഭവവികാസങ്ങൾ കണക്കിലെടുത്തും, യു എ ഇയെയും, ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ദൃഢവും തന്ത്രപരവുമായ ബന്ധത്തെ മാനിച്ചുമാണ് ഈ തീരുമാനമെന്ന് യു എ ഇ സാമ്പത്തിക മന്ത്രാലയം വിശദീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലേർപ്പെട്ടിട്ടുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയും, ആഭ്യന്തര ഉപഭോഗത്തിനായി യു എ ഇയിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകുകയും ചെയ്തതും മന്ത്രാലയം പ്രത്യേകം എടുത്ത് കാട്ടി.
2022 മെയ് 13-ന് മുമ്പ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് മാവ് ഇനങ്ങൾ കയറ്റുമതി/പുനർ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾ ഇതിനുള്ള അനുമതി ലഭിക്കുന്നതിനായി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇതിനായി അപേക്ഷയോടൊപ്പം ഷിപ്പ്‌മെന്റിന്റെ ഉത്ഭവം, ഇടപാട് തീയതി, ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ആവശ്യപ്പെട്ടേക്കാവുന്ന മറ്റു രേഖകൾ എന്നിവ സമർപ്പിക്കേണ്ടതാണ്.
ഇന്ത്യയിൽ നിന്നല്ലാതെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് മാവ് ഉൽപ്പന്നങ്ങൾ കയറ്റുമതി/പുനർ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഇതിനുള്ള കയറ്റുമതി അനുമതിക്കായി മന്ത്രാലയത്തിൽ അപേക്ഷിച്ചതിന് ശേഷം കയറ്റുമതി ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ലഭിക്കുന്ന കയറ്റുമതി പെർമിറ്റ്, അവ അനുവദിച്ച തീയതി മുതൽ 30 ദിവസത്തേക്ക് സാധുതയുള്ളതാണെന്നും, യു എ ഇയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട കസ്റ്റംസ് വകുപ്പിന് സമർപ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്ത്യമാക്കിയിട്ടുണ്ട്.
ഇത്തരം അപേക്ഷകൾ antidumping@economy.ae എന്ന ഇ-മെയിൽ മുഖേനയോ മന്ത്രാലയ ആസ്ഥാനം സന്ദർശിച്ച് നേരിട്ടോ സാമ്പത്തിക മന്ത്രാലയത്തിന് സമർപ്പിക്കാവുന്നതാണ്.
WAM