50000 ദിർഹം പിഴ, തടവ്; വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

UAE

വിദ്വേഷ പ്രസംഗങ്ങൾ, അത്തരം ആശയങ്ങളുടെ പ്രചാരണം എന്നിവ ലക്ഷ്യമിടുന്ന രേഖകൾ, പ്രസിദ്ധീകരണങ്ങൾ, ശബ്ദ, ദൃശ്യ ശകലങ്ങൾ എന്നിവ കൈവശം വെക്കുന്നതും, പ്രചരിപ്പിക്കുന്നതും രാജ്യത്ത് ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ചും, അവയ്ക്ക് രാജ്യത്ത് ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും വിശദമാക്കുന്ന ഒരു വീഡിയോ ദൃശ്യം പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിലൂടെ പങ്ക് വെച്ചു.

ഡിസംബർ 19-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പ് പുറത്തിറക്കിയത്. വിവേചനം, വിദ്വേഷം എന്നിവ ഉളവാക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനുള്ള രാജ്യത്തെ ഫെഡറൽ നിയമം ‘2015/ 2’ -ലെ ആർട്ടിക്കിൾ 12 പ്രകാരം ഇത്തരം പ്രവർത്തനങ്ങളിൽ കുറ്റവാളിയെന്ന് കണ്ടെത്തുന്നവർക്ക് ഒരു വർഷത്തിൽ കുറയാതെ തടവും, 50000 മുതൽ 2 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

വിദ്വേഷ പ്രചാരണത്തിനുപയോഗിക്കുന്ന രേഖകൾ, പുസ്തകങ്ങൾ, ശബ്ദ, ദൃശ്യ ശകലങ്ങൾ, ഡിജിറ്റൽ ഡിസ്കുകൾ, സോഫ്റ്റ്‌വെയർ, സ്മാർട്ട് ആപ്പുകൾ, മറ്റു ഇലക്ട്രോണിക് രീതിയിലുള്ള രേഖകൾ എന്നിവ കൈവശം വെക്കുന്നതും, പ്രചരിപ്പിക്കുന്നതും ഈ നിയമത്തിന്റെ കീഴിൽ ശിക്ഷാർഹമാണ്. പൊതു സമൂഹത്തിൽ മതങ്ങളെ അപകീർത്തിപ്പെടുത്തുന്നതും, വിവേചനപരമായ പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമായ എല്ലാ തരം വിദ്വേഷ പ്രസംഗങ്ങളും യു എ ഇ വളരെ ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.