വ്യാജ ഐപി അഡ്രസ് ഉപയോഗിക്കുന്നത് കുറ്റകരമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ; 2 ദശലക്ഷം ദിർഹം വരെ പിഴ

GCC News

ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്നതിനായും, വിവിധ കുറ്റകൃത്യങ്ങൾ ലക്ഷ്യമിട്ടും വ്യാജ ഐപി അഡ്രസ് ഉപയോഗിക്കുന്നത് രാജ്യത്ത് നിയമലംഘനമായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള, രാജ്യത്തെ ‘5/ 2012’ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 9 പ്രകാരം ഇന്റർനെറ്റ് ഉപയോഗിച്ച് കൊണ്ടുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്കായി വ്യാജ ഐപി അഡ്രസ് ഉപയോഗിക്കുന്നതും, ഇത്തരം സേവനങ്ങൾ നൽകുന്ന സേവനദാതാക്കളുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതും കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച് പുറത്തു വിട്ട അറിയിപ്പിലൂടെ വ്യക്തമാക്കുന്നു. ക്രിമിനൽ പ്രവർത്തനങ്ങൾ ഒളിച്ച് വെക്കുന്നതിനായി ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതും നിയമലംഘനമായി കണക്കാക്കുന്നതാണ്.

ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി വിർച്യുൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതും കുറ്റകൃത്യമാണ്. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് 5 ലക്ഷം ദിർഹം മുതൽ 2 ദശലക്ഷം ദിർഹം വരെ പിഴയും, തടവും ശിക്ഷയായി ലഭിക്കുന്നതാണ്.