യു എ ഇ: സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപരമായ സന്ദേശങ്ങൾ പങ്ക് വെക്കുന്നവർക്ക് മുന്നറിയിപ്പ്

UAE

സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും മുന്നറിയിപ്പ് നൽകി. ഒക്ടോബർ 13-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ സമൂഹ മാധ്യമങ്ങളിലെ ഇത്തരം പ്രവർത്തങ്ങൾക്ക് യു എ ഇയിൽ നേരിടേണ്ടി വരാവുന്ന നിയമ നടപടികളെക്കുറിച്ച് അറിയിപ്പ് നൽകിയത്.

മറ്റുള്ളവരെക്കുറിച്ച് അപഖ്യാതി, അപകീർത്തി, മാനഹാനി എന്നിവ ഉളവാക്കുന്ന സന്ദേശങ്ങൾ നിർമ്മിക്കുന്നതും, പ്രചരിപ്പിക്കുന്നതും യു എ ഇയിൽ തടവും, 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. യു എ ഇയിലെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമം 5/ 2020-ലെ ആർട്ടിക്കിൾ 20 പ്രകാരം ഇത്തരം അപവാദ പ്രചാരണങ്ങൾക്കായി ടെലികോം നെറ്റ്‌വർക്കുകളോ, മറ്റു ഐ ടി സംവിധാനങ്ങളോ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്.

സാമൂഹിക സദാചാര മൂല്യങ്ങൾ തകർക്കുന്നതിനായി സാങ്കേതിക വിദ്യ, സമൂഹ മാധ്യമങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും രാജ്യത്തെ നിയമം കൈക്കൊള്ളുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. സാമൂഹിക മൂല്യങ്ങളെ തകർക്കുന്ന സന്ദേശങ്ങൾ, ചിഹ്നങ്ങൾ, ദൃശ്യങ്ങൾ മുതലായവ സമൂഹ മാധ്യങ്ങളിൽ പ്രചരിപ്പിക്കരുതെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.