വ്യാജ കറൻസി നോട്ടുകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

UAE

വ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നതും, നാണയങ്ങളിൽ കൃത്രിമത്വം കാണിക്കുന്നതും നിയമപരമായി ശിക്ഷാർഹമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 6-നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പബ്ലിക് പ്രോസിക്യൂഷൻ പങ്ക് വെച്ചത്.

https://twitter.com/UAE_PP/status/1313416123627581441

കറൻസി നോട്ടുകൾ വ്യാജമായി നിർമ്മിക്കുക, നോട്ടുകൾ, നാണയങ്ങൾ എന്നിവയിൽ കൃത്രിമത്വം കാണിക്കുക മുതലായ പ്രവർത്തനങ്ങളിൽ നേരിട്ടോ, ഇടനിലക്കാരനായോ പ്രവർത്തിക്കുന്നത് യു എ ഇയിൽ ജീവപര്യന്തം തടവും, 2 ലക്ഷം ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. രാജ്യത്ത് പ്രചാരത്തിലുള്ള കറൻസികൾക്ക് പുറമെ, മറ്റു രാജ്യങ്ങളിൽ പ്രചാരത്തിലുള്ള കറൻസികളിൽ ഇത്തരം വ്യാജ പ്രവർത്തനങ്ങൾ നടത്തുന്നതും ഇതേ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

നാണയങ്ങളിൽ നിന്നുള്ള ലോഹത്തിന്റെ അംശം മോഷ്ടിക്കുന്നതും, ഉയർന്ന മൂല്യമുള്ള നാണയങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി നാണയങ്ങളിൽ ചായക്കൂട്ടുകൾ ഉപയോഗിക്കുന്നതും യു എ ഇ പീനൽ കോഡിലെ ആർട്ടിക്കിൾ 204 പ്രകാരം കുറ്റകരമാണ്. ജനങ്ങൾക്കിടയിൽ നിയമവ്യവസ്ഥയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

COVER IMAGE: WAM