60 ജിഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതി നിക്ഷേപ മെമ്മോറാണ്ടത്തിൽ യു എ ഇയും രാജസ്ഥാൻ സർക്കാരും ഒപ്പുവച്ചു

GCC News

രാജസ്ഥാനിൽ 60 ജിഗാവാട്ടിന്റെ പുനരുപയോഗ ഊർജ പദ്ധതി സ്ഥാപിക്കുന്നത് പര്യവേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നിക്ഷേപ മെമ്മോറാണ്ടത്തിൽ യു എ ഇയും രാജസ്ഥാൻ സർക്കാരും ഒപ്പുവച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ കരാറിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ പടിഞ്ഞാറൻ ജില്ലകളിൽ 60 ജിഗാവാട്ട് സോളാർ, കാറ്റ്, ഹൈബ്രിഡ് എനർജി പ്രോജക്ട് വികസിപ്പിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതാണ്. യു എ ഇ നിക്ഷേപ മന്ത്രാലയവും ഇന്ത്യയുടെ പുനരുപയോഗ ഊർജ മന്ത്രാലയവും തമ്മിൽ നിലവിലുള്ള നിക്ഷേപ സഹകരണം അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുക.

യു എ ഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽസുവൈദിയും രാജസ്ഥാൻ ഗവൺമെൻ്റിലെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അജിതാഭ് ശർമ്മയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കരാർ അനുസരിച്ച് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇന്ത്യയിൽ ദീർഘകാല പുനരുപയോഗ ഊർജ്ജ പ്ലാൻ്റ് നിർമ്മിക്കാനാണ് യു എ ഇ പദ്ധതിയിടുന്നത്.

ഏറ്റവും മികച്ച പുനരുപയോഗ ഊർജ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. സംസ്ഥാനത്തിന്റെ നിർണ്ണായകമായ ഊർജ്ജആവശ്യങ്ങൾ നിറവേറ്റാനുതകുന്ന ഒരു ദീർഘകാല പ്ലാന്റ് ഇതിന്റെ ഭാഗമായി തയ്യാറാക്കുന്നതാണ്.

സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ പരിഹാരങ്ങളോടുള്ള യു എ ഇയുടെ പ്രതിബദ്ധത മുഹമ്മദ് അൽസുവൈദി ഊന്നിപ്പറഞ്ഞു. അനുകൂലമായ കാലാവസ്ഥ, വിശാലമായ ഭൂപ്രകൃതി എന്നിവ കൊണ്ട് രാജസ്ഥാൻ ഈ സംരംഭത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജസ്ഥാനുമായുള്ള യു എ ഇയുടെ പങ്കാളിത്തം എടുത്തുകാണിച്ചുകൊണ്ട് സുസ്ഥിര ഊർജ്ജ ഭാവിയിലേക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ പദ്ധതിയെന്ന് ശ്രീ. ശർമ്മ പറഞ്ഞു. ഈ പദ്ധതി ഇന്ത്യയുടെ ഊർജ പരിവർത്തനത്തെ ത്വരിതപ്പെടുത്തുകയും പുനരുപയോഗ ഊർജ നവീകരണത്തിനുള്ള ഒരു മാതൃകയായി വർത്തിക്കുകയും ഹരിതവും സുസ്ഥിരവുമായ ഒരു ലോകത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യുമെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു.

സമീപ വർഷങ്ങളിൽ യു എ ഇയും ഇന്ത്യയും ഭാവി മുൻനിർത്തിയുള്ള ശുദ്ധ ഊർജ്ജ ലക്ഷ്യങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. 2050-ഓടെ 163 ബില്യൺ ഡോളറിലധികം ഈ മേഖലയിൽ നിക്ഷേപിക്കാനും ശുദ്ധ സ്രോതസ്സുകളിൽ നിന്ന് ഊർജ്ജോത്പാദനം ത്വരിതപ്പെടുത്താനും യു എ ഇ ലക്ഷ്യമിടുന്നു.

2030-ഓടെ കാർബണിൻ്റെ തീവ്രത 45% കുറയ്ക്കുകയും, 2070-ഓടെ നെറ്റ് സീറോ എമിഷൻ നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ ശുദ്ധ ഊർജ്ജ സംക്രമണത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യയുടെ നിലവിലെ ഊർജ്ജ ശേഷിയുടെ 40% ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നാണ് ഉപയോഗിക്കുന്നത്. 2.4 ബില്യൺ യുഎസ് ഡോളറിൻ്റെ ദേശീയ ഹരിത ഹൈഡ്രജൻ മിഷനിലൂടെ, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിൽ ആഗോള തലത്തിൽ മുൻനിരയിലേക്ക് മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.