യു എ ഇ: നിർണ്ണായക മേഖലകളിൽ പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനം; ഗാർഹിക ജീവനക്കാർക്ക് പ്രവേശനാനുമതി

GCC News

നിർണ്ണായകമായ തൊഴിൽ മേഖലകളിൽ പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്മെന്റ് അതോറിറ്റിയുമായി (NCEMA) സംയുക്തമായി കൈകൊണ്ടിട്ടുള്ള ഈ തീരുമാനം സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകളിലെ നിർണ്ണായക തൊഴിലുകൾക്കാണ് നിലവിൽ ബാധകമാകുന്നത്. ഇതോടൊപ്പം ഗാർഹിക ജീവനക്കാർക്ക് എൻട്രി പെർമിറ്റുകൾ നൽകുന്നതിനും ICA തീരുമാനിച്ചിട്ടുണ്ട്.

ഒക്ടോബർ 5, തിങ്കളാഴ്ച്ചയാണ് ICA ഈ തീരുമാനം അറിയിച്ചത്. ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ മാത്രമാണ് ഇത്തരം എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നതെന്നും ICA വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ എൻട്രി പെർമിറ്റുകൾ ലഭിച്ച ജീവനക്കാർ, രാജ്യത്തെ നിലവിലുള്ള COVID-19 യാത്രാ മാനദണ്ഡങ്ങൾ (മുൻ‌കൂർ COVID-19 നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ഉൾപ്പടെ) പാലിച്ച് കൊണ്ടായിരിക്കണം രാജ്യത്തേക്ക് പ്രവേശിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം ജീവനക്കാർക്ക്, രാജ്യത്ത് പ്രവേശിച്ച ശേഷം 14 ദിവസത്തെ ക്വാറന്റീൻ തൊഴിലുടമകൾ ഉറപ്പാക്കേണ്ടതാണ്.

നിലവിൽ സാധുതയുള്ള യു എ ഇ വിസകളുള്ള എല്ലാ ഗാർഹിക ജീവനക്കാർക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതാണെന്നാണ് ICA അറിയിച്ചിട്ടുള്ളത്. സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർ, സർക്കാർ, അർദ്ധ സർക്കാർ മേഖലകളിലെയും, നിർണ്ണായക തൊഴിൽ മേഖലകളിലെയും ജീവനക്കാർ എന്നിവർക്കും നിലവിൽ യു എ ഇ പ്രവേശനാനുമതി നൽകി വരുന്നതായും ICA കൂട്ടിച്ചേർത്തു. തൊഴിലുടമകൾക്ക് ICA-യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജീവനക്കാർക്ക് തിരികെ എത്തുന്നതിനുള്ള അനുവാദത്തിനായി അപേക്ഷകൾ നൽകാവുന്നതാണ്.