എക്സ്പോ 2020 ദുബായ് വേദിയിൽ യു എ ഇ, സൗദി വ്യോമസേനകളുടെ വ്യോമാഭ്യാസ പ്രദർശന വിഭാഗങ്ങൾ സന്ദർശകർക്കായി ത്രസിപ്പിക്കുന്ന വ്യോമാഭ്യാസ പ്രദർശനങ്ങൾ അവതരിപ്പിച്ചു. ദി നൈറ്റ്‌സ് എന്നറിയപ്പെടുന്ന, യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ പ്രദർശന വിഭാഗമായ അൽ ഫുർസാൻ, റോയൽ സൗദി എയർഫോഴ്സിലെ വ്യോമാഭ്യാസ പ്രദർശന വിഭാഗമായ സൗദി ഹോക്സ് എന്നിവരാണ് ഒക്ടോബർ 22-ന് ഈ പ്രദർശനം ഒരുക്കിയത്.
ലോക എക്സ്പോ വേദിയിലെ സന്ദർശകർക്കായി ഇരു വ്യോമസേനകളിലെയും പൈലറ്റുമാർ ജൂബിലി പാർക്കിന് മുകളിലെ ആകാശത്ത് വർണ്ണക്കാഴ്ച്ചകൾ ഒരുക്കി. എക്സ്പോ വേദിയിലെ ജി സി സി പവലിയനുമായി സംയുക്തമായാണ് ഈ വ്യോമാഭ്യാസ പ്രദർശനം സംഘടിപ്പിച്ചത്.

‘BAe Hawk Mk.65’ ട്രെയിനർ വിമാനങ്ങളാണ് സൗദി ഹോക്സ് അഭ്യാസ പ്രകടനത്തിനായി ഉപയോഗിക്കുന്നത്. സൗദി അറേബ്യയിൽ തബുക്കിലെ കിംഗ് ഫൈസൽ എയർ ബേസിൽ നിന്ന് പ്രവർത്തിക്കുന്ന സ്‌ക്വാഡ്രൺ 88-ന്റെ ഭാഗമാണ് സൗദി ഹോക്സ്.

MB-339 ജെറ്റ് ട്രെയിനർ വിമാനങ്ങളാണ് അൽ ഫുർസാൻ സംഘം അഭ്യാസ പ്രകടനങ്ങൾക്ക് ഉപയോഗിക്കുന്നത്.

എക്സ്പോ 2020 ദുബായ് വേദിയിൽ ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് നേരത്തെ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചിരുന്നു.
WAM (Cover Image: Dubai Media Office.)