യു എ ഇയിൽ ഏപ്രിൽ 5 വരെ ദിനവും രാത്രി 8 മുതൽ രാവിലെ 6 വരെയുള്ള അണുനശീകരണ പ്രവർത്തനങ്ങളുടെ സമയത്ത് വീടുകൾക്ക് പുറത്തിറങ്ങുന്നതിന് അനുമതി നേടുവാനായി ഏർപ്പാടാക്കിയിരുന്ന പ്രത്യേക പെർമിറ്റ് സംവിധാനങ്ങൾ നിർത്തലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ശുചീകരണ, അണുനശീകരണ പ്രവർത്തനങ്ങൾക്കായി ഏർപ്പാടാക്കിയ ഈ നിയന്ത്രണങ്ങളോട് പൊതുജനങ്ങളുടെ ഭാഗത്തു നിന്നുള്ള മികച്ച പ്രതികരണവും, പ്രതിബദ്ധതയും, മുന്‍കരുതൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിലുള്ള കണിശതയും കണക്കിലെടുത്താണ് അണുനശീകരണ പ്രവർത്തനങ്ങളുടെ സമയത്ത് അടിയന്തിര ആവശ്യങ്ങൾക്കായി വീടുകൾക്ക് പുറത്തിറങ്ങാൻ പ്രത്യേക പെർമിറ്റുകൾ വേണമെന്ന നിബന്ധന ഇപ്പോൾ ഒഴിവാക്കിയത്.
ഇതിനായി നിലവിലുണ്ടായിരുന്ന എല്ലാ ഓൺലൈൻ സംവിധാനങ്ങളും നിലവിൽ നിർത്തലാക്കിയിട്ടുണ്ട്. അണുനശീകരണ പ്രവർത്തനങ്ങളുടെ സമയത്ത് നിയന്ത്രണങ്ങൾ തുടരുമെന്നും, ഈ സമയത്ത് പൊതുജനങ്ങൾ മരുന്നുകൾ, ഭക്ഷണം മുതലായവ വാങ്ങുന്നതിനും, അടിയന്തിര ആവശ്യങ്ങൾക്കും, ഇളവുകൾ നൽകിയിട്ടുള്ള അടിയന്തിരസ്വഭാവമുള്ള തൊഴിൽ പരമായ ആവശ്യങ്ങൾക്കും മാത്രമേ പുറത്തിറങ്ങാവൂ എന്നും, വീടുകളിൽ തുടരണമെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നവരുടെ ഐഡി മുതലായവ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.