യു എ ഇ: കൊറിയർ ഡെലിവറിയുമായി ബന്ധപ്പെട്ട തട്ടിപ്പ് സംബന്ധിച്ച് TDRA അറിയിപ്പ് നൽകി

UAE

കൊറിയർ ഡെലിവറിയുമായി ബന്ധപ്പെട്ട് നടത്തുന്ന പുതിയ തട്ടിപ്പ് സംബന്ധിച്ച് യു എ ഇ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) അറിയിപ്പ് നൽകി. 2023 ജനുവരി 3-നാണ് TDRA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കൊറിയർ വഴി വന്നിട്ടുള്ള പാർസൽ കൈപ്പറ്റുന്നതിനായുള്ള ഡെലിവറി ഫീ നൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള, പണമിടപാടിനുള്ള ലിങ്കുകൾ അടങ്ങിയ, സന്ദേശങ്ങൾ അയച്ച് കൊണ്ടാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതെന്ന് TDRA അറിയിച്ചു. ഇത്തരം തട്ടിപ്പുകൾക്ക് ഇടയാകരുതെന്നും, ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താനും TDRA പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

പ്രമുഖ കൊറിയർ കമ്പനികളിൽ നിന്നുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് വരുന്ന ഇത്തരം സന്ദേശങ്ങളിൽ അടങ്ങിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും TDRA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊറിയർ ഡെലിവറിയുടെ സത്യാവസ്ഥ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, അല്ലങ്കിൽ ആപ്പ് എന്നിവ ഉപയോഗിച്ച് സ്ഥിരീകരിച്ച ശേഷം മാത്രം ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാനും TDRA പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

ഇത്തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നതായി കണ്ടെത്തിയ സ്രോതസുകളെയും, ലിങ്കുകളെയും തടഞ്ഞതായി TDRA സ്ഥിരീകരിച്ചു.

Cover Image: Pixabay.