യു.എ.ഇ: ഈദുൽ അദ്‌ഹ നമസ്‌കാരം വീടുകളിൽ നിർവഹിക്കാൻ നിർദ്ദേശം

UAE

ഈ വർഷത്തെ ഈദുൽ അദ്‌ഹ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) നിർദ്ദേശിച്ചു. ജൂലൈ 22-നു നടന്ന പത്രസമ്മേളനത്തിൽ NCEMA വക്താവ് ഡോ. സൈഫ് അൽ ദഹരി, ബലിപെരുനാളുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നതിനോടൊപ്പമാണ് ഇക്കാര്യം അറിയിച്ചത്.

തക്ബീറുകള്‍ ഓഡിയോ-വിഷ്വല്‍ സംവിധാനങ്ങളിലൂടെ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. സമൂഹത്തിലെ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സൈഫ് അൽ ദഹരി ആഹ്വാനം ചെയ്തു. ബലിപെരുന്നാളിന് ശേഷം, ഓഗസ്റ്റ് മൂന്ന് മുതല്‍ യു.എ.ഇയിലെ പള്ളികളില്‍ പരമാവധി ശേഷിയുടെ 50 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈദുൽ അദ്‌ഹയുമായി ബന്ധപ്പെട്ട് NCEMA നൽകിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ:

  • പള്ളികളിൽ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. 2 മീറ്ററെങ്കിലും സമൂഹ അകലം എല്ലാ സമയങ്ങളിലും ഉറപ്പാക്കണം.
  • സംഭാവനകളും, ബലിദാനവും സ്‍മാർട്ട് ആപ്ലിക്കേഷനുകള്‍ വഴിയോ അല്ലെങ്കില്‍ ഔദ്യോഗിക ചാരിറ്റി സ്ഥാപനങ്ങള്‍ വഴിയോ ആയിരിക്കണം.
  • കുടുംബയോഗങ്ങൾ, ഒത്തുചേരലുകൾ, സന്ദർശനങ്ങൾ എന്നിവ ഒഴിവാക്കണം. ആശംസകൾ അറിയിക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണം.
  • പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവരെ സന്ദർശിക്കുന്നത് ഒഴിവാക്കണം.
  • വീട്ടുജോലിക്കാർ വീടിനു പുറത്തുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം.