ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ യു എ ഇ കാബിനറ്റ് തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് യു എ ഇ ക്യാബിനറ്റ് ’81/ 2024′ എന്ന ഔദ്യോഗിക തീരുമാനം കൈകൊണ്ടിട്ടുണ്ട്. യു എ ഇ ധനകാര്യ മന്ത്രിയുടെ ശുപാർശ പ്രകാരമാണ് ക്യാബിനറ്റ് ഈ തീരുമാനം അംഗീകരിച്ചിട്ടുള്ളത്.
ഇത് പ്രകാരം എക്സ്പ്രസ് ചാർജിങ് സേവനങ്ങൾക്ക് കിലോവാട്ട് ഉപയോഗത്തിന് ഏറ്റവും ചുരുങ്ങിയത് 1.20 ദിർഹം (VAT അധികമായി ഈടാക്കുന്നതാണ്), സ്ലോ ചാർജിങ് സേവനങ്ങൾക്ക് കിലോവാട്ട് ഉപയോഗത്തിന് ഏറ്റവും ചുരുങ്ങിയത് 0.70 ദിർഹം (VAT അധികമായി ഈടാക്കുന്നതാണ്) എന്നിങ്ങനെ നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. ഈ തീരുമാനം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 60 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് പ്രാബല്യത്തിൽ വരുന്നതാണ്.